കണ്ണൂര്‍: എ.ഐ ക്യാമറയെ അവഗണിച്ച് നിയമലംഘനം നടത്തുകയും, ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുന്നതടക്കം അപഹാസ്യമായ ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്ത യുവാവിന് 86,500 രൂപ പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
യുവാവിന്റെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്.പഴയങ്ങാടിയില്‍ സ്ഥാപിച്ച എ.ഐ ക്യാമറയിലാണ് യുവാവിന്റെ നിയമലംഘനം തുടര്‍ച്ചയായി പതിഞ്ഞത്.
ഹെല്‍മറ്റ് ധരിക്കാതെ സ്ഥിരമായി ബൈക്ക് ഓടിച്ചിരുന്ന യുവാവ്, എ.ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തെത്തുമ്ബോള്‍ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി നേരിട്ട് വീട്ടിലെത്തിയത്.
വിവരങ്ങള്‍ കേട്ടതോടെ യുവാവ് മാപ്പു പറയുകയും നിയമ നടപടിയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ യാതൊരു വിധത്തിലുള്ള ഇളവുകളും നല്‍കാനാവില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, നിയമ ലംഘനം ആവര്‍ത്തിച്ചതിന് യുവാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്തു.