പാക്കിസ്ഥാനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ ബങ്കറുകളുടെ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കിയെന്നും ആര്‍ണിയയിലെ ട്രെവ ഗ്രാമത്തിലെ സര്‍പഞ്ച് ബല്‍ബീര്‍ കൗര്‍ പറഞ്ഞു.
2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും പുതുക്കിയ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഇത് അതിര്‍ത്തിനിവാസികള്‍ക്കു പകര്‍ന്ന ആശ്വാസം വളരെ വലുതായിരുന്നു. 2003ലാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ആദ്യമായി ഏര്‍പ്പെട്ടത്. എന്നാല്‍, പാക്കിസ്ഥാൻ നിരന്തരം കരാര്‍ ലംഘനം നടത്തി.
2020ല്‍ 5000 തവണയാണ് പാക്കിസ്ഥാൻ വെടിവയ്പ് നടത്തിയത്. കാഷ്മീരില്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ 221 കിലോമീറ്ററും നിയന്ത്രണരേഖയില്‍ 744 കിലോമീറ്ററും ഇന്ത്യ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നു.
പാക് ഷെല്ലിംഗില്‍നിന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളിലെ രക്ഷിക്കാൻ 2017ലാണ് കേന്ദ്ര സര്‍ക്കാര്‍ ബങ്കറുകള്‍ നിര്‍മിക്കാൻ ആരംഭിച്ചത്. 14,460 വ്യക്തിഗത, സമൂഹ ബങ്കറുകള്‍ നിര്‍മിച്ചു.
ജമ്മു, കഠുവ, സാംബ, പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു ഇവ. പിന്നീട് 4000 ബങ്കറുകള്‍കൂടി നിര്‍മിക്കാൻ തീരുമാനമെടുത്തു.
വ്യാഴാഴ്ച പാക്കിസ്ഥാൻ ആര്‍ണിയ സെക്ടറില്‍ നടത്തിയ വെടിവയ്പ് ഏഴു മണിക്കൂര്‍ നീണ്ടു. ഒരു ബിഎസ്‌എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു. ഒക്‌ടോബര്‍ 17ന് പാക് ആക്രമണത്തില്‍ രണ്ടു ബിഎസ്‌എഫ് ജവാന്മാര്‍ക്കു പരിക്കേറ്റിരുന്നു.
പാക് ഷെല്ലാക്രമണത്തില്‍ പരിഭ്രാന്തരായ അതിര്‍ത്തിനിവാസികള്‍ സുരക്ഷിതസ്ഥലം തേടി പലായനം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇവര്‍ മടങ്ങിയെത്തിയത്.
ജമ്മു, സാംബ, കഠുവ മേഖലകളിലെ ബങ്കറുകളുടെ അറ്റകുറ്റപ്പണികളും നടന്നുവരികയാണ്.