KeralaNEWS

കള്ളന് മാനസാന്തരം: 3 വയസുകാരിയുടെ മാല മോഷ്ടിച്ച കള്ളൻ രണ്ടാം നാൾ പണവും ക്ഷമാപണ കുറിപ്പും വീട്ടിലെത്തിച്ച് മുങ്ങി

     മാനസാന്തരം വന്ന് കള്ളന്മാർ മോഷണ മുതൽ തിരികെ ഏല്‍പിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ചിലപ്പോഴെങ്കിലും സംഭവിക്കാറുണ്ട്. അത്തരമൊരു കാര്യമാണ് ഇപ്പോള്‍ പാലക്കാട് സംഭവിച്ചത്. ഇവിടെ ഒരു പിഞ്ചുകുഞ്ഞിന്റെ മാലമോഷ്ടിച്ച കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടില്‍ കൊണ്ടുവച്ച് മുങ്ങി മോഷ്ടാവ്. കുമരനല്ലൂരിലാണ് സംഭവം.

കുമരനല്ലൂര്‍ എ ജെ ബി സ്‌കൂളിന് സമീപം താമസിക്കുന്ന മുന്‍ട്രോട്ട് കുഞ്ഞാന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ 19 ന് മകന്‍ ശിഹാബിന്റെ മകള്‍ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ മാലയാണ് മോഷണം പോയത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല കഴുത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വരികയും ചെയ്തു. തുടര്‍ന്നാണ് മാല മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പലസ്ഥലത്തും തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.

മാല നഷ്ടമായെന്ന് കരുതി വിഷമിച്ചിരുന്ന അവസരത്തിലാണ് രണ്ടാം നാൾ മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്ത് വെച്ച് സ്ഥലം വിട്ടത്. വീട്ടുകാര്‍ ഉച്ചക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.

മാല എടുത്ത് വിറ്റു പോയെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാല്‍ മാപ്പാക്കണമെന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്.
ഒരു പവനില്‍ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂര്‍ണമായും മോഷ്ടാവ് തിരികെ എത്തിച്ചതില്‍ വീട്ടുകാര്‍ക്കും സമീപവാസികള്‍ക്കും കൗതുകമായി. പണമായിട്ടാണെങ്കിലും മുതൽ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍.

Back to top button
error: