ടെൽഅവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഒറ്റക്കെട്ടായി ഇസ്രയേൽ. സർക്കാരിനൊപ്പം പ്രതിപക്ഷവും ചേർന്നതോടെ ഇസ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്നതായിരിക്കും ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. ഇതനുസരിച്ച് പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ് അടക്കമുള്ളവർ മന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാൻസ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്.
അതേസമയം ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ് ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കരമാർഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ൽ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേൽ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാൻ സർവസജ്ജമായി ഇറങ്ങുകയാണെന്ന് സാരം. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇത് ഏറെ നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ദൗത്യമെന്ന് ഇസ്രയേൽത്തന്നെ വിലയിരുത്തുന്നു. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് പ്രതികരിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി.
അതിനിടെ നിരപരാധികൾ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്ന ആലോചനകളും പ്രമുഖ രാജ്യങ്ങളുടെ നേതൃത്വത്തിൽ സജീവമായിട്ടുണ്ട്. ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടത്തുന്നുവെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുദ്ധത്തിൽ ഇസ്രായേലിൽ 1200 ലധികം പേരും ഗാസയിൽ ആയിരത്തിൽ അധികം പേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.