മൂത്ത മകൻ അനില്‍ ആന്റണി ബിജെപിയിലേക്ക് കൂടുമാറി.ഭാര്യയും മകനൊപ്പമാണ് രാഷ്ട്രീയ മനസ്സ് എന്ന് പ്രഖ്യാപിച്ചത് കേരളം കേട്ടു. ഇതിന് പിന്നാലെയാണ് കെപിസിസിയിലെ ആന്റണിയുടെ ഉപദേശം.
‘കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് കെപിസിസി. പ്രസിഡന്റും പ്രതിപക്ഷനേതാവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, നിങ്ങള്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകണം. നിങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതില്‍ നിങ്ങള്‍ക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്‌നമില്ല’. കെപിസിസി. എക്‌സിക്യുട്ടീവില്‍ നേതൃത്വത്തിലെ അകല്‍ച്ചയ്‌ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു ആന്റണി. രാഷ്ട്രീയകാര്യസമിതിയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ആന്റണിയുടെ വാക്കുകള്‍.
ലോക്സഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും ഒരുമിച്ചുനിന്ന് അത് നേരിടണമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു ആന്റണിയുടെ പ്രസംഗം. ഏവരേയും ഞെട്ടിച്ചു, സതീശനെതിരായ ഒളിയമ്ബായിരുന്നു അതെന്നാണ് വിലയിരുത്തല്‍. ആന്റണിയുടെ പേരിലാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ്. എന്നാല്‍ കുറേ നാളായി ഈ ഗ്രൂപ്പിനെ നയിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന നാഥനില്ലാതെയായി. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് നേതൃത്വം ആന്റണി ഏറ്റെടുക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഏതായാലും ഇനി കേരളത്തിലെ കോണ്‍ഗ്രസില്‍ താൻ അഭിപ്രായം പറയുമെന്നതിന്റെ സൂചനയാണ് ആന്റണിയുടെ വാക്കുകള്‍.
ഭരണം നടത്താൻ പ്രാപ്തരെന്നു നമ്മള്‍ പറയുന്നവര്‍ കുട്ടികളെക്കാളും മോശമാകുന്നുവെന്ന് ആന്റണി വിമര്‍ശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൈക്കിനു വേണ്ടി സുധാകരനും സതീശനും തമ്മില്‍ നടന്ന പോരിനെ സൂചിപ്പിച്ചായിരുന്നു ആന്റണിയുടെ വിമര്‍ശനം. പാര്‍ട്ടിയുടെ പുനഃസംഘടന എന്നത് യോഗ്യരായവരെ വച്ചാകണമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പാര്‍ട്ടിയെ ഒന്നായി നയിക്കേണ്ടവര്‍ തന്നെ പരസ്പരം പരസ്യമായി പോരടിക്കുന്നത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നത് എ ഗ്രൂപ്പുകാര്‍ക്കാണ്. എ ഗ്രൂപ്പിനെ നയിക്കാൻ വീണ്ടും ആന്റണി എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.