IndiaNEWS

വനിതാ സംവരണ ബില്‍ അറിയേണ്ടതെല്ലാം, ബില്‍ ഇന്ന് രാജ്യസഭയില്‍; ചര്‍ച്ചയും വോട്ടെടുപ്പും നാളെ

   ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും.

വനിതാ സംവരണ ബില്‍ ലോക്‌സഭ ഇന്നലെ പാസ്സാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി.

‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ.  ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം.

ഭേദഗതി എന്താണ് പറയുന്നത്?

ലോക്‌സഭയിലെയും സംസ്ഥാന സംസ്ഥാന നിയമസഭകളിലെയും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹി നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്ന് ബിൽ പറയുന്നു.
അതായത് ലോക്‌സഭയിലെ 543 സീറ്റുകളിൽ 181 സീറ്റുകളും സ്ത്രീകൾക്കായി മാറ്റിവെക്കും. പുതുച്ചേരി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തിട്ടില്ല.

15 വർഷത്തേക്കാണ്‌ വനിതാ സംവരണമെന്ന്‌ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാർലമെന്റിന്‌ നിയമനിർമാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയംവരെ ആ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിനു ശേഷവും സംവരണ മണ്ഡലങ്ങൾ ഊഴമിട്ട്‌ മാറും.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഈ സംവരണ സീറ്റുകളിൽ മൂന്നിലൊന്ന് ഇനി സ്ത്രീകൾക്കായി സംവരണം ചെയ്യും. നിലവിൽ ലോക്‌സഭയിൽ 131 സീറ്റുകൾ എസ്‌സി-എസ്‌ടിക്ക് സംവരണം ചെയ്തിട്ടുണ്ട്. വനിതാ സംവരണ ബിൽ നിയമമാകുന്നതോടെ ഇതിൽ 43 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.

സഭയിൽ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള ആകെ സീറ്റുകളുടെ ഭാഗമായാണ് ഈ 43 സീറ്റുകൾ കണക്കാക്കുക. ഇതിനർത്ഥം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള 181 സീറ്റുകളിൽ 138 എണ്ണത്തിൽ ഏതെങ്കിലും ജാതിയിൽപ്പെട്ട സ്ത്രീകളെ സ്ഥാനാർഥികളാക്കാം. ലോക്‌സഭയിലെ നിലവിലെ സീറ്റുകളുടെ എണ്ണത്തിലാണ് ഈ കണക്കുകൂട്ടൽ.

നിയമം എപ്പോൾ പ്രാബല്യത്തിൽ വരും?

ഒന്നാമതായി, ലോക്‌സഭയും രാജ്യസഭയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഈ ബിൽ പാസാക്കേണ്ടതുണ്ട്.
ഇതിനുശേഷം സെൻസസിന് ശേഷമായിരിക്കും അതിർത്തി നിർണയം നടത്തുക. ഡീലിമിറ്റേഷനിൽ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അതിർത്തികൾ നിശ്ചയിക്കുന്നത്. 2002ലാണ് അവസാനമായി രാജ്യവ്യാപകമായി അതിർത്തി നിർണയം നടന്നത്. 2008 ൽ ഇത് നടപ്പിലാക്കി. 2026ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. നടപ്പാക്കിയ ശേഷം വനിതാ സംവരണം 15 വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. എന്നാൽ പാർലമെന്റിന് ഈ കാലാവധി നീട്ടാം.

സംവരണ സീറ്റുകൾ എങ്ങനെ തീരുമാനിക്കും?

എല്ലാ ഡീലിമിറ്റേഷൻ നടപടികൾക്കു ശേഷവും സംവരണ സീറ്റുകളുടെ റൊട്ടേഷൻ ഉണ്ടാകുമെന്ന് സർക്കാർ അവതരിപ്പിച്ച ബില്ലിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പാർലമെന്റ് പിന്നീട് തീരുമാനിക്കും.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നൽകാൻ ഈ ഭരണഘടനാ ഭേദഗതി സർക്കാരിന് അധികാരം നൽകും. സീറ്റുകളുടെ റൊട്ടേഷനും ഡിലിമിറ്റേഷനും നിർണയിക്കാൻ പ്രത്യേക നിയമവും വിജ്ഞാപനവും ആവശ്യമാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകളും വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവയിൽ, ഓരോ തെരഞ്ഞെടുപ്പിലും സീറ്റ് സംവരണം മാറിക്കൊണ്ടിരിക്കുന്നു,

ചെറിയ സംസ്ഥാനങ്ങളിൽ സീറ്റുകൾ എങ്ങനെ സംവരണം ചെയ്യും?

ഒരു ലോക്‌സഭാ സീറ്റ് വീതമുള്ള ലഡാക്ക്, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ എങ്ങനെ സീറ്റുകൾ സംവരണം ചെയ്യുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണിപ്പൂർ, ത്രിപുര തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് സീറ്റുകൾ വീതമുണ്ടെങ്കിൽ നാഗാലാൻഡിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്.

സ്ത്രീകളുടെ ഇപ്പോഴത്തെ പങ്കാളിത്തം

17-ാം ലോക്‌സഭയിലേക്ക് 82 വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ പ്രാതിനിധ്യം ഏകദേശം 15 ശതമാനമാണ്. അതേസമയം, രാജ്യത്തെ 19 സംസ്ഥാനങ്ങളിലെ നിയമസഭകളിൽ സ്ത്രീ പ്രാതിനിധ്യം 10 ​​ശതമാനത്തിൽ താഴെയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള പാർലമെന്റുകളിൽ സ്ത്രീകളുടെ ശരാശരി പ്രാതിനിധ്യം 26.5 ശതമാനമാണ്.

Back to top button
error: