മിക്ക പച്ചക്കറികള്‍ക്കും വില കുറഞ്ഞെങ്കിലും വെളുത്തുള്ളി വില കുതിച്ചുകയറുകയാണ്.കിലോയ്ക്ക് 180-200 രൂപ വരെയാണ് വെളുത്തുള്ളി ൺക്ക് വിപണിയിലെ നിരക്ക്. രണ്ടാഴ്ച കൊണ്ട് 20 രൂപയോളമാണ് വെളുത്തുള്ളി വില കൂടിയതെന്ന് വ്യാപാരികള്‍ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍.
ഇഞ്ചി വിലയില്‍ നേരിയ ചാഞ്ചാട്ടങ്ങള്‍ ഒഴിച്ചാല്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 250-260 രൂപയാണ് ഇപ്പോഴും നിരക്ക്.
അതേസമയം തക്കാളിക്കും പച്ചമുളകിനും വെണ്ടക്കയ്ക്കും ബീൻസിനുമെല്ലാം വില കുറഞ്ഞു തുടങ്ങി.അയല്‍ സംസ്ഥാനങ്ങളിലടക്കം പച്ചക്കറി ഉത്പാദനം കൂടിയതാണ് വില കുറയാൻ കാരണം.ഇതോടെ കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തി തുടങ്ങി.ഓണത്തിനു ഒരു മാസം മുൻപ് തക്കാളിക്ക് കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലായിരുന്നു വില. ഇപ്പോള്‍ 30-35 രൂപയാണ് വില.
കിലോയ്ക്ക് 60-70 രൂപ ഉണ്ടായിരുന്ന കാരറ്റ് വില 20 രൂപ കുറഞ്ഞ് 40-50 രൂപയിലെത്തി. 40 രൂപയില്‍ നിന്ന് മുരിങ്ങക്കായ 27 രൂപയിലും 70 രൂപയില്‍നിന്ന് ബീൻസ് 40 രൂപയിലുമെത്തി. 70-75 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 60-65 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. സവാള കിലോയ്ക്ക് 33-35 രൂപയിലും പച്ചമുളക് കിലോയ്ക്ക് 60 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ പച്ചക്കറികള്‍ എത്തുന്നത്.കല്യാണ സീസണ് ആയതിനാല്‍ പച്ചക്കറിക്ക് വീണ്ടും വില ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.