KeralaNEWS

മറ്റ് ജില്ലകളിൽനിന്നുള്ള സർക്കാർ ഏമാന്മാർക്ക് ഈ മൂന്ന് ജില്ലകളിൽ പണിയെടുക്കാൻ മടി! പരമാവധി അവധിയെടുത്ത് മാറിനിൽക്കുന്നു; പ്രശ്നം ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് മടിയാണെന്ന് സർക്കാർ നി​ഗമനം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ സ്ഥലം മാറ്റം കിട്ടി എത്തുന്ന ഉദ്യോ​ഗസ്ഥർ അവധിയെടുത്ത് ജോലി ചെയ്യാതെ മാറി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയുമായി സർക്കാർ രം​ഗത്തെത്തി. പ്രശ്നം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഓ​ഗസ്റ്റ് അഞ്ചിന് സർവീസ് സംഘടനകളുടെ യോ​ഗം വിളിച്ചു. മറ്റു ജില്ലകളിൽനിന്നെത്തുന്ന, മൂന്ന് ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥർ അനുവദനീയമായ പരമാവധി അവധിയെടുത്ത് ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണത വർധിക്കുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടു തന്നെ പ്രധാന ഓഫിസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വിഷയം ​ഗൗരവത്തിലെടുത്ത് പരി​ഹരിക്കാനാണ് തീരുമാനം.

ഈ മൂന്ന് ജില്ലകളിലും നിയമിക്കപ്പെടുന്ന ഉദ്യോ​ഗസ്ഥർ വ്യവസ്ഥ പ്രകാരം നിശ്ചയിച്ച വർഷങ്ങൾ അതത് ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. നിശ്ചിത കാലയളവിന് മുമ്പേ ഉദ്യോ​ഗസ്ഥർ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ട്രാൻസ്ഫർ മാനദണ്ഡങ്ങൾ പാലിക്കാൻ കർശന നിർദേശം നൽകിയത്. ഈ മൂന്ന് ജില്ലകളിലും നിരവധി ഡോക്ടർ, എൻജിനീയർ, പാരമെഡിക്കൽ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

Signature-ad

ഈ മൂന്ന് ജില്ലകളിലും ഉദ്യോ​ഗസ്ഥരുടെ കൃത്യമായ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ആർജിത അവധി വ്യവസ്ഥയിൽ ഇളവ് നൽകുന്നതുൾപ്പെടെ നിർബന്ധിത സേവന പ്രകാരം ഈ ജില്ലകളിൽ ജോലിക്കെത്തുന്നവരുടെ കാലാവധിക്ക് ശേഷം സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫർ നൽകുന്നതും പരി​ഗണിക്കും. ഐഎഎസ്, കെഎഎസ്, സെക്രട്ടറിയേറ്റ് ഉദ്യോ​ഗസ്ഥർക്കും ഇളവുകൾ നൽകിയേക്കും. ഇതര ജില്ലക്കാരായ നിരവധി ഉദ്യോ​ഗസ്ഥരാണ് ഈ മൂന്ന് ജില്ലകളിലായി ജോലി ചെയ്യുന്നത്.

Back to top button
error: