FeatureNEWS

പോസ്റ്റുമാനെ കാത്തിരുന്ന ഒരു ജനതയുടെ കഥ അഥവാ തപാലിന്റെ ചരിത്രം

സ്മാർട്ട് ഫോണിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും കാലത്ത് വിവരങ്ങൾ ലോകത്തെ ഏതു കോണിലേക്കും അയക്കാൻ നൊടിയിട മതിയെന്നായിട്ടുണ്ട്.ഇതോടെ പോസ്റ്റാഫീസ് മുഖേനയുള്ള വാർത്താ വിനിമയത്തിന്റെ

പ്രാധാന്യം കുറഞ്ഞു പോയി.രണ്ടു പതിറ്റാണ്ട് മുൻപ് വരെ വിവരങ്ങൾ  ദൂരെയുള്ളവരെ അറിയിച്ചിരുന്നത് തപാൽ വഴിയായിരുന്നു.

തപാലാഫീസുകൾ  നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത്. കാർഡ്, ഇൻ ലാന്റ്, കവറുകൾ എന്നിവയിലൂടെ  തൻ്റെ മനസ്സിലെ വികാര വിചാരങ്ങൾ അല്പവും ചോരാതെ പ്രകടമാക്കാൻ കത്തെഴുത്തിലൂടെ സാധിക്കുമായിരുന്നു.കത്തെഴുതുക എന്നതു തന്നെ ഒരു കലയായിരുന്നു.നിനക്ക് അവിടെ സുഖമെന്നു വിശ്വസിക്കുന്നു. ഇവിടെയും അപ്രകാരമാണ്. ആ വാക്കുകളിലെ ആത്മാർത്ഥതയും സത്യസന്ധതയും നിഷ്കളങ്കതയും അത്ര നിസാരമല്ലായിരുന്നു.തന്നെക്കുറിച്ചുള്ള ക്ഷേമാന്വേഷണം കത്ത് വായിക്കുന്ന ആളിനുണ്ടാക്കുന്ന  പോസിറ്റീവ് എനർജിയും ചെറുതല്ലായിരുന്നു.എഴുതുന്ന ആളുടെ ഹൃദയത്തിൽ നിന്ന്  വന്നവയായിരുന്നു അതിലെ ഓരോ വരികളും.

Signature-ad

ഇന്നു വാട്സാപ്പിലോ , ഈ മെയിലോ, SMS ലോ വരുന്ന മെസ്സേജുകൾക്ക് അത്തരം മാനസിക സുഖo പ്രദാനം ചെയ്യുവാനുള്ള  കഴിവില്ല. അതൊരു സൃഷ്ടിയല്ല, അതിൽ ഹൃദയത്തിന്റെ ഭാവമില്ല. ഒരു സാങ്കേതിക വിദ്യയുടെ വികാര ശൂന്യമായ ജല്പനങ്ങൾ മാത്രം.അതാകട്ടെ നന്നായി എഴുതാനും ആരും ശ്രമിക്കാറില്ല. ആദ്യ അക്ഷരങ്ങളും സിംബലുകൾ വെച്ച് ഒരു കളി..!

 

പണ്ട്  പോസ്റ്റുമാൻ ഇന്നത്തെ പഞ്ചായത്ത് മെമ്പറേക്കാൾ പോപ്പുലറായിരുന്നു. നാട്ടിലെ എല്ലാവർക്കും അറിയാവുന്നയാൾ. എല്ലാവരേയും അറിയാവുന്നയാൾ. പോസ്റ്റുമാനെ അങ്ങു ദൂരെ കാണുന്നതോടെ തന്നെ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങും. .മണിയോഡർ ഉണ്ടായിരിക്കുമോ ?. അതോ രജിസ്റ്റർ ചെയ്തയച്ച ഡ്രാഫ്റ്റ്..! ജോലിക്കായി അന്യ ദേശത്തു പോയ മകന് ജോലി ശരിയായോ?. ആശങ്കയുടെ നിമിഷങ്ങൾ!  കാത്തിരിപ്പിന്റെ സന്തോഷമായിരുന്നു പോസ്റ്റുമാന്റെ ഓരോ വരവും.

 

നാട്ടുകാർക്കും സുപരിചിതനായിരുന്നു പോസ്റ്റുമാൻമാർ. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈംമിനേക്കാൾ കൃത്യത. അത് സൈക്കിളിലായാലും നടന്നിട്ടായാലും, മഴയായാലും, വെയിലായാലും, സമയ കൃത്യത പാലിച്ചു തന്നെയായിരുന്നു പോസ്റ്റുമാന്റെ യാത്രകൾ.വഴിയിൽ കാണുമ്പോൾ നമുക്ക് വല്ലതും ഉണ്ടോ എന്നു ചോദിക്കാൻ യാതൊരു അപരിചിതത്വവും തോന്നേണ്ട കാര്യമില്ലായിരുന്നു. കത്തിന്റെ കെട്ടുകൾ മറിക്കുമ്പോൾ എന്തൊരു ആകാംക്ഷയായിരുന്നു ഓരോരുത്തർക്കും.കത്തു കിട്ടുമ്പോൾ എന്തൊരു സന്തോഷം. വായിക്കുമ്പോൾ അതിലേറെ സന്തോഷം. .

പോസ്റ്റുമാൻ എല്ലാ വീട്ടുകാരുടെയും ബന്ധുവായിരുന്നു. ഗൾഫിൽ നിന്നും ഭർത്താവു തന്ന  സ്പ്രേ, സോപ്പ്, ഷർട്ടിന്റെ തുണി എന്നിങ്ങനെ എന്തെല്ലാമായിരുന്നു ആ പോസ്റ്റുമാനു കൊടുത്തിരുന്നത്.  ഇന്നോ…? കൊറിയർ കമ്പനിക്കാരുടെ ഫോൺ വരുന്നു.

“നിങ്ങൾക്ക് ഒരു  കൊറിയർ വന്നു ഇവിടെ വന്നു വാങ്ങണം.” വീട്ടിലെത്തിയാലോ?  അയാൾ തന്നിട്ടു സ്ഥലം കാലിയാക്കുന്നു ,നിസ്സംഗത മാത്രം മിച്ചം.!

ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ.ഇന്ത്യൻ സായുധസേനകൾക്ക് പ്രത്യേകമായി ഒരു ആർമി തപാൽ സർവിസുണ്ട്. വിമാനം വഴി തപാലുകൾ മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കാമെന്ന് ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ്‌ ഓഫിസ്‌ എന്ന റെക്കോഡും ഇന്ത്യക്ക്‌ സ്വന്തം. ഹിമാചൽ പ്രദേശിലെ ഹിക്കിമിലുള്ള പോസ്റ്റ്‌ ഓഫിസാണത്‌. 4700 മീറ്റർ ഉയരത്തിൽ (പിൻ 172114). ജമ്മു-കശ്‌മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിലൂടെ ‘ഒഴുകുന്ന പോസ്റ്റ്‌ ഓഫിസ്‌’ പ്രവർത്തിക്കുന്നുണ്ട്‌ (പിൻ 191202).

ഇന്ത്യാ രാജ്യത്തിനു പുറത്തും ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫിസ്‌ സ്ഥാപിച്ചിട്ടുണ്ട്‌ എന്നത്‌ കൗതുകകരമായ വാർത്തയാണ്‌. അന്റാർട്ടിക്കയിലെ ദക്ഷിൺ ഗംഗോത്രി എന്ന സ്ഥലത്താണ്‌ 1983ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ പോസ്റ്റ്‌ ഓഫിസ്‌ പ്രവർത്തിക്കുന്നത്‌.എല്ലാ വർഷവും ഒക്ടോബർ ഒമ്പതിന് ലോക തപാൽ ദിനം ആചരിക്കുന്നു.ഒക്ടോബർ 10 ആണ് ദേശീയ തപാൽ ദിനം.

 

മറാഠി ഭാഷയിലെ ‘ഠപ്പാൽ’ എന്ന പദത്തിൽനിന്നാണ് തപാൽ എന്ന പേരുവന്നത്. സൂക്ഷിക്കുക എന്നർഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.

 

കേരളത്തിലും ഒരു സമാന്തര തപാൽ സേവനം നിലവിലുണ്ടായിരുന്നു –  അഞ്ചൽ. പഴയ കാലത്ത്‌ നിലനിന്നിരുന്ന സന്ദേശവാഹക ഏർപ്പാടിനെ, ബ്രിട്ടീഷ്‌ ഇന്ത്യയിൽ കേണൽ മൺട്രോ പരിഷ്കരിച്ച സമ്പ്രദായമായിരുന്നു,‌ അഞ്ചൽ.

 

സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർഥമുള്ള ആഞെലസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം. സന്ദേശം എത്തിക്കുന്നവരെ അഞ്ചലോട്ടക്കാരെന്നു വിളിച്ചിരുന്നു. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്.

 

അഞ്ചലോട്ടക്കാരന് സമൂഹത്തിൽ ഏറെ സ്ഥാനവും മാനവുമുണ്ടായിരുന്നു. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാപ്പി തൊപ്പിയും, കൈയിൽ കുന്തംപോലൊരു വടി, അരയിൽ മണികെട്ടിയ അരപ്പട്ട,തോളിൽ കത്തുകൾ നിറച്ച തുകൽ സഞ്ചി -ഇതായിരുന്നു അഞ്ചലോട്ടക്കാരന്റെ വേഷം. വടി ഉയർത്തിപ്പിടിച്ച് വഴിയുടെ നടുവിലൂടെ അയാൾ ഓടും. അപ്പോൾ അരപ്പട്ടയിലെ മണി ഉറക്കെ കിലുങ്ങും. അതു കേട്ട് ആളുകൾ വഴിമാറിക്കൊടുക്കണം. അതാണ് നിയമം.

 

അഞ്ച് അടിയോളം ഉയരമുള്ള പച്ച നിറത്തിൽ ഉരുക്കുകൊണ്ടുണ്ടാക്കിയ പെട്ടികളാണ് അഞ്ചൽ പെട്ടികൾ. മുകളിൽ തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ടാവും.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ഈ അഞ്ചൽ തപാൽ ഇന്ത്യൻ തപാൽ ഡിപ്പാർട്ട്മെന്റിൽ ലയിച്ചു.

Back to top button
error: