KeralaNEWS

ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

കൊല്ലം:ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്.കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ  രണ്ടു പേർ അറസ്റ്റിലായി.
കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്നാണ് കൂടുകളും വലകളും വച്ച് മീൻ പിടിച്ച രണ്ടു പേരെ പിടികൂടിയത്.മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്ന് കൂടുകളും വലകളും ഉൾപ്പെടെ രണ്ടു പേരെ പിടികൂടിയത്.
മഴക്കാലത്തെല്ലാം ഇവിടെ നിന്ന് നാട്ടുകാരടക്കം മത്സ്യം പിടിക്കുക പതിവാണ്. ലഭിക്കുന്ന മീൻ റോഡരില്‍വെച്ചു തന്നെ വില്‍ക്കും. ചിലര്‍ വീടുകളിലേക്ക് കൊണ്ടുവരും. കിലോയ്ക്ക് 200 രൂപ മുതല്‍ 350 രൂപവരെയാണ് വില.ജീവനോടെയുള്ള മീൻ വാങ്ങാൻ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ഇവിടെ ആളുകളെത്തുന്നുണ്ട്.

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിട്ടുണ്ട്.ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ.

ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാല്‍ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കല്‍ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും.

Back to top button
error: