CrimeNEWS

ഹോംസ്റ്റേക്ക് അനുമതിക്കായി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി! ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കെ ജെ ഹാരിസ് എന്ന ഉദ്യോ​ഗസ്ഥനാണ് പിടിയിലായത്. മാരാരിക്കുളം സ്വദേശിയാണ് പരാതിക്കാരൻ. ഇയാളുടെ വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു.

പരാതിക്കാരൻ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസറായ കെ ജെ ഹാരിസിനെ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ 5,000 രൂപയുമായി വരാൻ അറിയിച്ചു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡിവൈ എസ് പി ഗിരീഷ് പി സാരഥിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

Signature-ad

പരാതി ലഭിച്ചതിനെത്തുടർന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരിൽ വേഷം മാറി ഹാരിസിനെ സമീപിച്ച വിജിലൻസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്ങിൽ 2,000 രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞു. വിജിലൻസ് സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ പ്രകാശ് കുമാർ, രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ വസന്ത്, സ്റ്റാൻലി തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജയലാൽ, സുകേഷ്, സത്യപ്രഭ, എസ് സി പി ഒ മാരായ ഷിജു, ശ്യാം, സനൽ, സാബു, സി പി ഒ മാരായ സമീഷ്, സുധീഷ്, നീതു, രജനി രാജൻ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: