കോഴിക്കോട്: തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. വ്യാജ രേഖ തയ്യാറാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ സംസ്ഥാനത്തെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെയും സിപിഎം നേതാക്കളുടെയും പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് ഡിസിസി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ.വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ M.Phil ചെയ്തിട്ടുണ്ടായിരുന്നു. M.Phil ഒരു ഫുൾടൈം കോഴ്സാണ്. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഗസ്റ്റ്ലക്ചററായി ജോലി ചെയ്യുകയും ചെയ്തു. സംസ്കൃത സർവ്വകലാശാലയുടെ M.Phil പ്രോഗ്രാമിന്റെ റെഗുലേഷൻസിൽ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പ് കോളേജിൽ നിന്ന് ശമ്പളം ഒരേ സമയം കൈപ്പറ്റി. ചെപ്പടിവിദ്യയും വഞ്ചനയും കാണിക്കുന്ന പഠിച്ചകള്ളി തന്നെയാണ് എസ്എഫ്ഐ നേതാവായ വിദ്യ എന്ന് പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചത് എന്നാണ്. എന്നാൽ എസ്എഫ്ഐ കാരിയായും എസ്എഫ്ഐയുടെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ അതോടൊപ്പം തന്നെ ശങ്കരാ കോളജിലെ അധ്യാപികയായും ഒരേസമയം വിദ്യ പ്രവർത്തിച്ചു എന്നതാണ് ഇപ്പോൾ വ്യക്തമാവുന്നത്. എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്ഥാന സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടരുകയും ചെയ്തു. അങ്ങനെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019- 20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം നേടിയതും അവിടെയും തട്ടിപ്പും സംവരണ അട്ടിമറിയും ഉന്നത സ്വാധീനവും എല്ലാം വിദ്യ കൈമുതലാക്കി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യം പറഞ്ഞ വി.സി ധർമ്മരാജൻ അടാട്ട് പിന്നീട് അദ്ദേഹത്തിന് നിലപാടിൽ നിന്നും പിറകോട്ട് പോകേണ്ടിവന്നത് കേവലം ഒരു നിലപാട് മാറ്റം മാത്രമല്ല കൃത്യമായ രേഖകൾ സഹിതം തെളിവുകൾ പുറത്തുവരും എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റുപറച്ചിൽ ആണ് പിന്നീട് ഉണ്ടായത്. യുജിസി റെഗുലേഷൻ അനുസരിച്ച് 20% എസ് സി എസ് ടി സംവരണം നിർബന്ധമാണ്. അത് വിദ്യയുടെ പിഎച്ച്ഡി പ്രവേശന ലിസ്റ്റിൽ പാലിക്കപ്പെട്ടില്ല എന്ന് പകൽ പോലെ വ്യക്തവുമാണ്. അതുപോലെ തന്നെ മൂന്നുവർഷം അധ്യാപന പരിചയം നിർബന്ധമാണ് എന്ന മാനദണ്ഡമുള്ള കണ്ണൂർ സർവ്വകലാശാല വാല്യുവേഷൻ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം വേണം. അവിടെയും ഇത്തരത്തിൽ ഏതെങ്കിലും വ്യാജ രേഖ സമർപ്പിച്ചിട്ടാണോ എന്നതും ഉന്നത സ്വാധീനത്തിലാണോ ആ ലിസ്റ്റിൽ ഉൾപ്പെടുന്നത് എന്നതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിന് പുഴുക്കുത്ത് വീഴ്ത്തി നശിപ്പിക്കാൻ പ്രയത്നിക്കുന്ന പുഴുക്കളായി എസ്എഫ്ഐ നേതാക്കൾ മാറി എന്നതാണ് വസ്തുത. കോളേജിൽ പഠിക്കുമ്പോൾ കോഴ്സ് പൂർത്തിയാക്കാൻ കൃത്രിമമാർഗ്ഗം സ്വീകരിക്കുകയും ഇൻ്റേണൽ മാർക്ക് മുഴുവനും ലഭിക്കാതിരിക്കുമ്പോൾ ഗുരുനാഥൻമാരുടെ കാറും വീടും അക്രമിക്കുകയും ചെയ്യുന്ന കെ.വിദ്യ ഉൾപ്പെടെയുള്ള എസ്എഫ്ഐക്കാരെ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ സേവനം ചെയ്യാൻ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭരണ നേതൃത്വത്തിൻ്റെ പിന്തുണയിൽ വിദ്യാഭ്യാസത്തിൽ വിദ്യ മാറ്റി വെറും അഭ്യാസമാക്കി മാറ്റി സംഘടനക്ക് വേണ്ടി ക്രിമിനൽ സംഘങ്ങളെ സൃഷ്ടിക്കാൻ എസ്എഫ്.ഐ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. എന്നാലും എൻ്റെ വിദ്യേ എന്ന് പരിതപിച്ച ശ്രീമതി ടീച്ചർ എന്നാലും എൻ്റെ പോലീസേ എന്ന് കൂടി ചോദിക്കാൻ തയ്യാറാവണമെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പോലും പ്രതികരിക്കുന്നത് എന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സനൂജ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.