കോട്ടയം: വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്ന് ആഗ്രഹമുള്ളവർക്ക് നാഗമ്പടം എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വരാം. അത്യുഗ്രൻ റോളർ കോസ്റ്ററിൽ കയറിയ അനുഭവം തരുന്നത് കെൽട്രോൺ സ്റ്റാളിലെ വെർച്ച്വൽ റിയാലിറ്റിയാണ്.
കളിട്രെയിനിൽ കയറ്റി തിരിച്ചും മറിച്ചും തലകുത്തിയും ഒരു റൗണ്ട് കറങ്ങി വരുമ്പോഴേക്കും വല്ലാത്തൊരു അനുഭവം ലഭിക്കും. കുട്ടികൾ മുതൽ പ്രായമായവർ വരെ വെർച്ച്വൽ റിയാലിറ്റിയുടെ ആസ്വാദനത്തിന് ക്യൂവാണ്. സ്‌പേസ്, ജംഗിൾ ബുക്ക്, ഐസ് ഓഫ് ലാൻഡ്, മനുഷ്യശരീരം എന്നിവയുടെ വെർച്ച്വൽ റിയാലിറ്റിയാണ് സ്റ്റാളിൽ പ്രദർശനത്തിനുള്ളത്.
നാഗമ്പടത്തു പ്രവർത്തിക്കുന്ന കോട്ടയം കെൽട്രോൺ സെന്ററിൽ വെർച്ച്വൽ റിയാലിറ്റി ലാബ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെൽട്രോൺ സ്റ്റാളിൽ വി.ആർ. അനുഭവവേദ്യമാക്കിയത്. വി.ആർ. ലാബ് സാധ്യമാക്കുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാകും. ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് വി.ആർ. പ്രോഗ്രാമിങ്ങുകൾ ചെയ്ത് ലാബിൽ ലഭ്യമാക്കും.
വിദ്യാർത്ഥികൾക്ക് ഇവിടെ സന്ദർശിച്ച് എജ്യൂടെയ്ൻമെന്റ് രീതിയിൽ പഠനം സുഗമമാക്കാനാകും. 2018ൽ സംസ്ഥാനത്തെ ആദ്യ വിർച്വൽ ലാബ് ആരംഭിച്ചതും കെൽട്രോണായിരുന്നു. ഡിജിറ്റൽ ഫിലിം മേക്കിംഗ്, സ്റ്റിൽ ഫോട്ടോഗ്രാഫി, ത്രിഡി മോഡലിംഗ് ആൻഡ് അനിമേഷൻ വിഷ്വൽ ഇഫക്ട്‌സ്, ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ തുടങ്ങി നിരവധി കോഴ്‌സുകളാണ് കെൽട്രോൺ ഒരുക്കിയിട്ടുള്ളത്.