KeralaNEWS

അരിക്കൊമ്പ‍ന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർ‌ട്ട്; ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്ന് വനം വകുപ്പ്

കൊച്ചി: അരിക്കൊമ്പ‍ന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർ‌ട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം ഉള്ളത്. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതെന്നും കണ്ടെത്തൽ.

ഏപ്രിൽ 30 ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് അറിയിച്ചിരുന്നു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Signature-ad

അതേ സമയം കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർഷങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്താണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അഭിനന്ദന കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷത്വപരമായ അടയാളമായെന്ന് ദൗത്യസേനക്ക് നന്ദി പറഞ്ഞുള്ള കത്തിൽ ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Back to top button
error: