KeralaNEWS

വന്ദേ ഭാരത് എക്സ്‌പ്രസ് ഇന്നുമുതൽ ഓടിത്തുടങ്ങും; പൊതുജനങ്ങൾക്ക് നാളെ മുതൽ പ്രവേശനം

തിരുവനന്തപുരം:വന്ദേഭാരത് എക്സ്പ്രസ് ഇന്നുമുതൽ ഓടിത്തുടങ്ങും.രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുക്കും. രാജ്യത്തെ 14 ാമത്തെയും ദക്ഷിണറെയില്‍വേയിലെ മൂന്നാമത്തെയും വന്ദേഭാരത് സര്‍വിസാണിത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കും തിരിച്ചും എട്ടു മണിക്കൂര്‍ അഞ്ച് മിനിറ്റ് വീതമെടുത്ത് ഓടിയെത്താന്‍ കഴിയും വിധത്തിലാണ് സമയക്രമീകരണം.രണ്ടു തവണ പരീക്ഷണയോട്ടവും നടത്തിയിരുന്നു.
രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് (20634) എക്സ്പ്രസ് ഉച്ചക്ക് 1.25ന് കാസര്‍കോട് എത്തും. കാസര്‍കോട് നിന്ന് ഉച്ചക്ക് 2.30ന് മടക്കയാത്ര ആരംഭിക്കുന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (20633) രാത്രി 10.35ന് തമ്ബാനൂരിലെത്തും. ആദ്യദിവസം രാവിലെ 10.30ന് ആണ് ഓട്ടം തുടങ്ങുക. ഔദ്യോഗിക സമയക്രമത്തില്‍ ഏഴ് സ്റ്റോപ്പുകളേയുള്ളൂവെങ്കിലും ഉദ്ഘാടനയോട്ടത്തില്‍ 14 സ്റ്റേഷനുകളുകളില്‍ നിര്‍ത്തും. പതിവു സ്റ്റോപ്പുകള്‍ക്കു പുറമെ, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടിയാണ് സ്പെഷല്‍ ട്രെയിന്‍ നിര്‍ത്തുക. ഫ്ലാഗ് ഓഫ് നടക്കുമെങ്കിലും കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് 26 മുതലും തിരുവനന്തപുരം-കാസര്‍കോട് 28 മുതലുമാണ് പ്രഖ്യാപിച്ച സമയക്രമത്തില്‍ ഓടിത്തുടങ്ങുക.
16 കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് എക്സിക്യുട്ടിവ് ക്ലാസ് കോച്ചുകളാണുള്ളത്. 52 സീറ്റുകള്‍ വീതം ആകെ 104 സീറ്റുകള്‍. വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നില്‍ക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യുട്ടിവ് ക്ലാസ്. വിമാന മാതൃകയില്‍ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണു സ്നാക് ടേബിളുള്ളത്. ചെയര്‍ കാര്‍ സീറ്റിനേക്കാള്‍ കുറെക്കൂടി പിറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യുട്ടിവിലേത്. ഈ ക്ലാസിലെ പ്രധാന ആകര്‍ഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകള്‍ കാണാന്‍ വീതിയേറിയ ഗ്ലാസുകളുമുണ്ട്. 52 സെക്കന്‍ഡുകള്‍കൊണ്ട് വന്ദേഭാരത് 100 കി.മീ വേഗം കൈവരിക്കും.

Back to top button
error: