LIFEMovie

മമ്മൂട്ടിയുടെ ശബ്‍ദഗാംഭീര്യത്തില്‍ ‘ഏജന്‍റ്’ മലയാളം ട്രെയ്‍ലര്‍ എത്തി

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‍ലർ ഏപ്രിൽ 18 ന് പുറത്തെത്തിയത് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. എന്നാൽ മലയാളി സിനിമാപ്രേമികൾ അതിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ ഡയലോഗുകൾ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്. മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കും മുൻപ് മുൻനിശ്ചയപ്രകാരം ട്രെയ്‍ലർ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തിൽ ചിത്രത്തിൻറെ മലയാളം ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂർണ്ണമായും ചെയ്യുന്നത്.

Signature-ad

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് ആണ് എത്തുക. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖിൽ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂർ ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്.

 

Back to top button
error: