KeralaNEWS

തുടർച്ചയായ മുങ്ങിമരണങ്ങൾ; ഇന്നലെത്തന്നെ കേരളത്തിൽ ജീവൻ നഷ്ടമായത് ഏഴ് പേർക്ക്

കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് നടവയൽ കാഞ്ഞിരത്തിങ്കൽ ഷിജി ജോസഫാണ് (40) മരിച്ചത്. ഇരിട്ടി കാക്കയങ്ങാട് പാലപ്പുഴയിലാണ് അപകടം.

കരുവൻചാലിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം. ഷിജിയടക്കം ആറം​ഗ സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെത്തന്നെ നടന്ന മറ്റു വിത്യസ്ത സംഭവങ്ങളിൽ ഇതുകൂടാതെ അഞ്ച് പേരാണ് മുങ്ങി മരിച്ചത്.അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ കാണാതായിട്ടുണ്ട്.അഴീക്കോട് കല്ലുങ്കല്‍ ഷക്കീറിന്റെ മകന്‍ ആദില്‍ഷ (14) ആണ് മരിച്ചത്.അയല്‍വാസിയായ തെങ്ങാകൂട്ടില്‍ വീട്ടില്‍ ഇര്‍ഫാന്‍ അലി (15) യെയാണ് പുഴയില്‍ കാണാതായത്.

Signature-ad

മറ്റൊരു സംഭവത്തിൽ വയനാട്ടുകാരായ രണ്ട് യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങി മരിച്ചു.ചെറുകാട്ടുര്‍ കുഴിമൂളില്‍ വീട്ടില്‍ ഡെറിന്‍ റോജസ് (20), കമ്ബളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിന്‍ ജോസ് (20) എന്നിവരാണ് മരിച്ചത്.

കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി.തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയില്‍ കാണാതായത്.ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

 സാഹസത്തിന് മുതിരരുത്

കേരളത്തിൽ പ്രതിവര്‍ഷം ആയിരം പേരെങ്കിലും വെള്ളത്തില്‍ മുങ്ങിമരിക്കുന്നുവെന്നാണ് ദുരന്ത നിവാരണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിൽ ഏറ്റവും കൂടുതല്‍ പേർ മരിക്കുന്നതും ‍ വെള്ളത്തിൽ വീണാണ്. റോഡപകടങ്ങള്‍ തടയാന്‍ ബോധവത്കരണങ്ങള്‍ നടക്കുന്നു. എന്നാല്‍ ആഴവും ഒഴുക്കുമുള്ള വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്കു പോലും അവബോധമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ എന്നല്ല, ആരും മിനക്കെടാറില്ല 

കേരളം പുഴകളുടെയും നദികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ്.കാഴ്ചയിൽ പാൽനുര ചിതറിയൊഴുകുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും അതിലേക്കിറങ്ങാൻ മനസ്സിനെ ക്ഷണിക്കും.ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളവും വെള്ളച്ചാട്ടങ്ങളുമൊക്കെ കാണാനുള്ളതാണ്.സാഹസികതയ്ക്കു മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ യാത്രികനും ഉണ്ടെന്ന ഓർമ്മപ്പെടുത്തലോടെ..

Back to top button
error: