2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടത് അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ മായ കോട്‌നാനി, ബജ്‌റംഗദള്‍ മുന്‍ നേതാവ് ബാബു ബജ്‌റംഗി, വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ജയ്ദീപ് പട്ടേല്‍ ഉള്‍പ്പെടെ 67 പ്രതികളെയാണ് അഹമ്മദാബാദ് പ്രത്യേക കോടതി കുറ്റ വിമുക്തരാക്കിയത്.പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണ കാന്ത് ബക്ഷിയുടേതാണ് വിധി.
ബാബു ബജ്റംഗിയെ നമുക്കറിയാം. തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിൽ “ഇനിയും എനിക്ക് അവസരം കിട്ടിയാൽ കൊല്ലും..” എന്ന് പറഞ്ഞ വ്യക്തിയാണത്.
“അവരെ (മുസ്ലിംകളെ) ഞങ്ങൾ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവ൪ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു. തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അവരുടെ മേൽ ഒഴിച്ചു. പിന്നെ ടയറുകൾ കത്തിച്ച് അവ൪ക്കുമേൽ ഇട്ടു..” രക്തം മരവിക്കുന്ന ഈ വാക്കുകളുടെ ഉടമയാണ്, നരോദ പാട്യ കൂട്ടക്കൊലയിൽ കോടതി വെറുതെ വിട്ട സംഘ്പരിവാ൪ നേതാവ് ബാബു ബജ്റംഗി.
അഞ്ചടി മൂന്നിഞ്ചുകാരനായ ഈ പട്ടേൽ സമുദായംഗം നരോദയിലെ കിരീടം വെക്കാത്ത രാജാവു കൂടിയാണ്. 22 വ൪ഷം വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗത്തോടു ചേ൪ന്ന് പ്രവ൪ത്തിച്ചു. പിന്നീട് ബജ്റംഗദളിലും ശിവസേനയിലും പ്രവ൪ത്തിച്ചു. നരോദക്ക് തൊട്ടടുത്ത തെരുവിൽ ഒരു ഓഫിസുമായിരിക്കുന്ന ബജ്റംഗിയുടെ പ്രധാന വിനോദം മുസ്ലിംകളെയും ക്രിസ്ത്യാനികളേയും വേട്ടയാടൽ ആയിരുന്നു.
“അവരെ ഞാൻ വെറുക്കുന്നു” ‘തെഹൽക’യോട് ബജ്റംഗി തന്നെ പറയുന്നു. “മുസ്ലിം ചെറുപ്പക്കാ൪ക്കൊപ്പം ഒളിച്ചോടിയ പെൺകുട്ടികളുടെ മാതാപിതാക്കൾ എന്നെ കാണാൻ വരുന്നു. പൊലീസിൽ പരാതി പറയാനെത്തിയ അവരെ പൊലീസുകാ൪ തന്നെയാണ്, എന്റെയടുത്ത് വന്ന് പരാതി ബോധിപ്പിക്കാൻ പറഞ്ഞയക്കാറ്. ഇങ്ങനെ 957 ഹിന്ദു പെൺകുട്ടികളെ ഞാൻ രക്ഷിച്ചു. ഹിന്ദു പെൺകുട്ടി മുസ്ലിമിനെ വിവാഹം ചെയ്ത് ചുരുങ്ങിയത് അഞ്ചു പേ൪ക്ക് ജന്മം നൽകുമായിരുന്നു. അപ്പോൾ ഇത്രയും കുട്ടികളെ രക്ഷിച്ചതിലൂടെ 5000 മുസ്ലിംകളെ ജനിക്കുന്നതിനു മുമ്പേ ഞാൻ ഇല്ലാതാക്കി..” ബജ്റംഗി കണക്കുകൂട്ടി പറയുന്നു. ‘മുസ്ലിം’ പ്രശ്നം ഇല്ലാതാക്കാൻ മറ്റു വഴികളും ഇയാൾ പറയുന്നു.”കൊല്ലാൻ ദൽഹിയിൽ നിന്ന് തന്നെ ഉത്തരവിടണം. ഉന്നതജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ചേരിനിവാസികളും ദരിദ്രരുമായവ൪ ഇതിനിറങ്ങിക്കൊള്ളും. മുസ്ലിംകളെ കൊന്ന് അവരുടെ സമ്പത്തെല്ലാം സ്വന്തമാക്കാമെന്ന് പറഞ്ഞാൽ മതി. മൂന്നു ദിവസം കൊണ്ട് ഇന്ത്യയിൽനിന്ന് മുസ്ലിംകൾ തുടച്ചുനീക്കപ്പെടും..” അയാൾ പറഞ്ഞു.
“മുസ്ലിംകൾക്ക് ഒരു വിവാഹവും ഒരു കുട്ടിയും എന്നത് നിയമമാക്കണം. വോട്ടവകാശം നൽകരുതെന്ന നിയമം പാസാക്കണമെന്നും..” ഈ നാരാധമന്റെ ആവശ്യമാണ്.
2007ൽ തെഹൽക മാസിക നടത്തിയ ഒളികാമറ അന്വേഷണത്തിലാണ്, ഈ കൊടുംഭീകരന്റെ പങ്കും യഥാ൪ഥ മുഖവും പുറംലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെട്ടത്.
നരോദപാട്യയിൽ 97 നിരപരാധികളെ ചുട്ടുകൊന്ന സംഭവത്തിന് നേതൃത്വം നൽകിയതെങ്ങിനെയെന്നും മുഖ്യമന്ത്രി നരേന്ദ്ര മോഡിയിൽ നിന്നടക്കം പിന്തുണ കിട്ടിയത് എങ്ങനെയെന്നും ബജ്റംഗി വിശദീകരിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്ര ട്രെയിൻ കൂട്ടക്കുരുതിയുടെ അന്നാണ് ബജ്റംഗി നരോദ പാട്യയിലെത്തുന്നത്. തീയിൽവെന്തു കിടക്കുന്ന ശരീരങ്ങൾ കണ്ട താൻ അവിടെവെച്ചുതന്നെ പ്രതിജ്ഞയെടുത്തതായി തെഹൽകയോട് പറയുന്നു. ‘ഗോധ്രയുടെ പ്രതികാരം തൊട്ടടുത്തദിവസം നരോദ പാട്യയിൽ നടപ്പാക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. ഗോധ്രയിൽ വീണതിന്റെ നാലു മടങ്ങെങ്കിലും പാട്യയിൽ വീഴണം. പാട്യ സന്ദ൪ശിച്ചശേഷം അഹ്മദാബാദിൽ തിരിച്ചെത്തി കൂട്ടക്കൊലക്കുള്ള സംവിധാനങ്ങൾ ഒരുക്കി’ -ബജ്റംഗി വിവരിച്ചു.
ഗ൪ഭിണിയുടെ വയറു പിള൪ത്തി കുഞ്ഞിനെ പുറത്തിട്ടത് താനാണെന്ന് തുറന്നുപറഞ്ഞ ഇയാൾ, തന്റെ ചെയ്തികളിൽ ഒരിക്കലും ഖേദിക്കുന്നില്ലെന്നും അവസരം ലഭിച്ചാൽ ഇനിയും കൊല്ലുമെന്നും തുറന്നുപറഞ്ഞു.
മായാ കോട്നാനി ഒരു ഡോക്ടറാണ്. അതും ഗൈനക്കോളജിസ്റ്റ്. ആർദ്രതയുള്ള ഡോക്ടർ. എത്രത്തോളം സുരക്ഷിതമായി സംരക്ഷിക്കാമോ, അത്രത്തോളം സുരക്ഷിതമായി കുഞ്ഞിനെയും അമ്മയേയും സംരക്ഷിക്കേണ്ട കൈകൾ..!
ഈ കോടതി വിധി ഇന്നിന്റെ ഇന്ത്യയിൽ അസാധാരണമല്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിഴ ചുമത്തിയതു മുതൽ രാഹുൽ ഗാന്ധി വിഷയത്തിൽ വരെ നാമത് കണ്ടു.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച് ഒരുമാസത്തിനുള്ളിൽ ആന്ധ്രാപ്രദേശ് ഗവര്‍ണറായ ആളാണ് ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍.അയോധ്യ ഭൂമി തര്‍ക്കക്കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ഇദ്ദേഹം അയോധ്യയിലെ തര്‍ക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നല്‍കാന്‍ വിധി പറഞ്ഞ ഭരണഘടനാബെഞ്ചിലെ ഏക മുസ്‍ലിം അംഗവും ഇദ്ദേഹമായിരുന്നു. ഏറ്റവുമൊടുവില്‍ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കി സുപ്രീംകോടതിയില്‍നിന്ന് പടിയിറങ്ങിയ ജഡ്ജിയും.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമായിരുന്നു 12 ജനുവരി 2018-ൽ സുപ്രീം കോടതിയില്‍ ഉണ്ടായത്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിെവച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചു പ്രതിഷേധിച്ചത് രാജ്യത്തെ തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന കേസുകളില്‍ ചീഫ്ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നു, ഇഷ്ടമുള്ള ബഞ്ചിന് കേസുകള്‍ കൈമാറുന്നു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് ജെ ചെല്ലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബിലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉന്നയിച്ചത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയില്‍ നടക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ആരോപണവിധേയനായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമായിരുന്നു.സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണു നാഗ്പുർ സിവിൽ ലെയ്നിന് സമീപം ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ ജസ്റ്റിസ് ഭൂഷൺ ഗവായ്, ജസ്റ്റിസ് സുനിൽ ഷുക്രേ എന്നിവർ ലോയയുടെ മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് അന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍, മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റ വെളിപ്പെടുത്തൽ ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ്!