കോഴിക്കോട് താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കിവിട്ടത് മൈസൂരില്‍. അവിടെ നിന്ന് ബസില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷാഫി തച്ചൻ പൊയിലിലെ ഭാര്യവീട്ടിലെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫി തിരിച്ചെത്തിയത്. ഷാഫിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു.
പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ്പിയുടെ ഓഫിസിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യപ്രകാരം പണം നൽകിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് മുഖംമൂടി ധരിച്ച അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോയവരെ പറ്റി കൃത്യമായ ഒരുവിവരവും പറയാന്‍ ഷാഫി തയ്യാറായിട്ടില്ലെന്നു പൊലീസ് പറയുന്നു.
സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുന്‍പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകക്ക് എടുത്ത് നല്‍കിയത്. മറ്റു മൂന്നു പേര്‍ കാറില്‍ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. കാര്‍ താമരശേരി പൊലീസ് കൊണ്ടുപോയി. കാസര്‍കോട് സി.ഐ പി. അജിത്കുമാറിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും താമരശേരി പൊലീസ് വിവരമറിയിക്കുകയായിരുന്നു. കാര്‍ തളങ്കര സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തളങ്കര സ്വദേശി ഗള്‍ഫിലാണുള്ളത്