എരുമേലി:ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ചു.ഏപ്രിൽ 3 ന് ചേർന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനമായത്. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഏപ്രിൽ 13 ന് അംഗീകാരം നൽകി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചിട്ടുണ്ട്.3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.നേരത്തെ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ഡിപിആര്‍ പദ്ധതി തയ്യാറാക്കിയത്.എന്നാൽ ഇതിനോട് ചേർന്നുള്ള 307 ഏക്കർ കൂടി ഏറ്റെടുക്കാനാണ് നിലവിലെ തീരുമാനം.എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക.
അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്.