വൈക്കം: ജനാധിപത്യത്തിന് വേണ്ടി പോരാടിയ കോൺഗ്രസിനെ എകാധിപത്യം കാട്ടി ഭയപ്പെടത്താൻ ശ്രമിക്കെണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുകയാണ്. ഇന്ത്യയിലെമ്പാടുമുള്ള ജനതയ്ക്ക് ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹം പ്രചോദനം നൽകിയെന്നും ആർഎസ്എസിന് ഈ സമരത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറു വർഷം മുൻപ് ജാതിവിവേചനത്തിനെതിരേ വൈക്കത്ത് നിന്ന് പോരാട്ടത്തിന് തുടക്കം കുറിച്ച കോൺഗ്രസ് ജനാധിപത്യം സംരക്ഷിക്കാൻ എകാധിപതികൾക്കെതിരേ മറ്റൊരു സമരത്തിന് വൈക്കത്ത് നിന്നും തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമൂഹിക നവീകരണത്തിൽ ആർഎസ്എസ് ഒരു സംഭാവനയും നൽകിയിട്ടില്ല. രാഷ്ട്രീയ ജനാധിപത്യം നാശത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് അധികാരത്തിലുള്ളവർ ജനാധിപത്യത്തിൻറെ അടിത്തറ തകർക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത് രാജ്യത്തിൻറെ കറുത്ത ദിനമാണ്. രാഹുൽ ഗാന്ധിക്കെതിരായ നീക്കത്തെ കോൺഗ്രസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. മിന്നൽ വേഗത്തിലാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. രാഹുൽ ഗാന്ധി വിഷയത്തിൽ ബിജെപി കുപ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പരാമർശിച്ച വ്യക്തികളാരും പിന്നാക്ക വിഭാഗക്കാരല്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് പിന്നിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്ര നടത്തിയതിൻ്റെയും അദാനിയുടെ കടലാസ് കമ്പനിയിൽ 20,000 കോടി നിക്ഷേപിച്ചതിന്റെയും കണക്ക് ചോദിച്ചതാണ് രാഹുൽ ഗാന്ധിക്കെതിരേ നടപടിയെടുക്കാൻ മോദിയെ പ്രേരിപ്പിച്ചത്. അദാനിയുടെ കള്ളക്കണക്ക് അന്വേഷിക്കാൻ സംയുക്ത പാർലമെൻ്റ് സമിതിയെ ചുമതലപ്പെടുത്തണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിട്ടും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. ഓരോ കുടുംബത്തിനും 15 ലക്ഷം രൂപയും വർഷം തോറും 2 കോടി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത മോദി സർക്കാർ പണം നൽകിയതും തൊഴിൽ കൊടുത്തതും എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാരങ്ങൾക്ക് എന്തെങ്കിലും ചെയ്തതായി അവകാശപ്പെടാൻ ആർ.എസ്.എസിനും മോദി സർക്കാരിനും കഴിയില്ല. അദാനിക്കായി രാജ്യത്തിൻറെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദി സർക്കാർ തീറെഴുതുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മോദി സർക്കാർ കൊള്ളയടിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയി എന്ന് ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ എം.എം. ഹസൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി.സജീന്ദ്രൻ, കൺവീനർ എം.ലിജു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദേശം കെ.സി. ജോസഫ് യോഗത്തിൽ വായിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോൺഗ്രസ് ദേശീയ അധ്യക്ഷന് ഉപഹാരം നൽകി.