CrimeNEWS

വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രം, നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി വിവരമറിയിച്ചിട്ടും നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമിക്കപ്പെട്ട വിവരം സ്ത്രീ അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണോനോ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പൊലീസുകാർ തയ്യാറായില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പൊലീസ് വീഴ്ച വലിയ ചർച്ചയാകുന്നതിനിടെയാണ് നടപടി.

വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുക്കാൻ പോലും തയ്യാറായത്.  മൂലവിളാകത്ത് താമസിക്കുന്ന 49 വയസുള്ള സ്ത്രീക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവമുണ്ടായത്. കഴിഞ്ഞ13 ന് രാത്രി 11 മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രമാണ് സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: