IndiaNEWS

കേരളത്തിലേക്ക് പുതിയ രണ്ടു ട്രെയിനുകൾ കൂടി

കോട്ടയം:കേരളത്തിലേക്ക് രണ്ടു പുതിയ ട്രെയിൻ സർവീസുകൾക്കു കൂടി റെയിൽവേ ബോർഡിന്റെ ശുപാർശ.എറണാകുളത്തു നിന്നും കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള  സ്പെഷ്യൽ ട്രെയിനിനു പകരം ആഴ്ചയിൽ 2 ദിവസം സ്ഥിരമായി സർവീസ് നടത്തുന്നതിനും,ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി ചെങ്ങന്നൂരിൽ നിന്നും തിരുപ്പതിയിലേക്കുള്ള സർവീസിനുമാണ് നിർദേശം.ഈ ട്രെയിൻ കൊല്ലത്തു നിന്നാകും ആരംഭിക്കുക.
എറണാകുളത്തു നിന്നും കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള ട്രെയിൻ സർവീസ് സതേൺ റെയിൽവേയും , കൊല്ലം ചെങ്ങന്നൂർ വഴി തിരുപ്പതിക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ സൗത്ത് വെസ്റ്റേൺ  റെയിൽവേയുമാണ്  ഓപ്പറേറ്റ് ചെയ്യുക.
എറണാകുളം വേളാങ്കണ്ണി  ട്രെയിൻ  എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തും നിന്നും,  ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും  വേളാങ്കണ്ണിയിൽ നിന്നും സർവീസ് നടത്തും. എറണാകുളത്തു നിന്നും ഉച്ചക്ക് 12.35നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 5.50 നു വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ് വേളാങ്കണ്ണിയിൽ നിന്നും 6.30 നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 12ന് എറണാകുളത്തും എത്തിച്ചേരുന്ന തരത്തിലാണ് സമയം  ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ സ്പെഷ്യൽ ട്രെയിൻ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
ആഴ്ചയിൽ രണ്ടു ദിവസമാണ് തിരുപ്പതിയിൽ നിന്നും കൊല്ലത്തേക്കുള്ള ട്രെയിനും ഓടുക. ഈ ട്രെയിൻ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും  തിരുപ്പതിയിൽ നിന്നും പുറപ്പെടുമ്പോൾ കൊല്ലത്തു നിന്നും ബുധനാഴ്ചയും ശനിയാഴ്ചയും ആയിരിക്കും പുറപ്പെടുക.
കൊല്ലത്തു നിന്ന് രാവിലെ 3.20 പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10ന് തിരുപ്പതിയിൽ എത്തും.  തിരുപ്പതിയിൽ നിന്നും 2.40  മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം  6.20 കൊല്ലത്തും എത്തിച്ചേരും.
തിരുവന്തപുരത്തു നിന്നും പാലക്കാടു  വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്കും,  തിരുനെൽവേലി- പാലക്കാട്    പാലരുവി എക്സ്പ്രസ്സ് തൂത്തുക്കുടിയിലേക്കും, പുനലൂർ ഗുരുവായൂർ ട്രെയിൻ മധുരയിലേക്കും നീട്ടാനുള്ള നിർദ്ദേശവുമുണ്ട്.
    ഇതുകൂടാതെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ മുംബൈ-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്സ് ട്രെയിനിനും(12201-12202) ,കൊച്ചുവേളി നിസാമുദിൻ  എക്സ്പ്രസ്സ് ട്രെയിനിനും(22653-22654) സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് റെയിൽവേ  മന്ത്രി ഉത്തരവും നൽകിയിട്ടുണ്ട്. ഗോവ സെൻറ് ഫ്രാൻസിസ് ദേവാലയത്തിലേക്ക് തീർത്ഥാടനത്തിന് പോകുന്ന വിശ്വാസികൾക്കുള്ള ബുദ്ധിമുട്ടുകൂടി  കണക്കിലെടുത്താണ് ഈ രണ്ടു ട്രെയിനുകൾക്കും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

Back to top button
error: