FeatureNEWS

ചെറുനാരകം കൃഷി ചെയ്യാം

കുറഞ്ഞത് 10 സെന്റെങ്കിലും സ്ഥലമുള്ളവർക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ ഒരു കൃഷിയാണ് ജീവകം C യുടെ കലവറയായ ചെറുനാരകം കൃഷി.10 സെന്റ് സ്ഥലത്തു ഏകദേശം 100 തൈകൾ നടുവാൻ കഴിയും.മാത്രമല്ല വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലോ വരെ ഇത് വളർത്താനും കഴിയും.പൊതുവേ നാരകച്ചെടികൾക്ക് പരിപാലന ചിലവ് വളരെ കുറവായതിനാൽ നല്ലൊരു ലാഭം ഈ കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയും.
വിത്ത് മുളപ്പിക്കൽ
വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല.നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം.ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം.10- 15 ദിവസത്തിനുള്ളിൽ കുരു മുളയ്ക്കും.
തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ പറമ്പിലേക്കോ മാറ്റി നടാവുന്നതാണ്.
കൃഷി രീതി
നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്.നാരക ചെടികൾക്ക് ദിവസം 5 മണിക്കൂറെങ്കിലും വെയിൽ നിർബന്ധമാണ്.അതിനാൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി വേണം ചെടികൾ നടാൻ.
വളപ്രയോഗം
കായ്ക്കുന്ന മരമൊന്നിന് പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. 500 ഗ്രാം നൈട്രജന്‍, 150 ഗ്രാം ഫോസ്ഫറസ്, 300 ഗ്രാം പൊട്ടാഷ് എന്നിവയാണ് മരമൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളങ്ങള്‍. ഇവ രണ്ടു തവണയായി നല്‍കാം.നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഇതിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്.പൊട്ടാസ്യം വളം ഉപയോഗിക്കുന്നതും കൂടുതൽ കായ്ഫലം നൽകുന്നതിന് ഉപകരിക്കും.എല്ലാ മൂന്നു മാസം കൂടുമ്പോഴും രണ്ടു ചെടികളുടെ നടുക്ക് കുഴികൾ ഉണ്ടാക്കി ഉണക്ക ചാണകവും കമ്പോസ്റ്റു വളവും ഇടുന്നതു നല്ലതാണ് .അമിത കീടനാശിനി പ്രയോഗങ്ങൾ നാരകത്തിനാവശ്യമില്ല.
മറ്റു പരിപാലനമുറകള്‍
കായ്ഫലം മെച്ചപ്പെടുത്താന്‍ മഴക്കാലത്തിനു മുന്നോടിയായി കൊമ്പുകോതല്‍ അനുവര്‍ത്തിക്കാം.ഒരു വര്‍ഷമായ തൈകളിലെ ശാഖകള്‍ തറ നിരപ്പില്‍നിന്ന് 60 സെ.മീ. ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റണം.ഇടയ്ക്ക് പ്രൂൺ ചെയ്യുന്നത് നല്ലരീതിയിൽഉള്ള  കായ പിടുത്തത്തിനു  സഹായകമാണ്.ആദ്യ വർഷങ്ങളിൽ ഉള്ളതിനേക്കാൾ പിന്നീടുള്ള വർഷങ്ങളിൽ കായ പിടുത്തം കൂടും.മഴക്കാലത്ത് ഒന്നോരണ്ടോ തവണ ബോര്‍ഡോ മിശ്രിതം തളിക്കുന്നതും നല്ലതാണ്.
ജലസേചനം
കൃത്യമായ ഇടവേളകളിലുള്ള ജലസേചനമാണ് ചെറുനാരകത്തിന് ആവശ്യം.ആവശ്യത്തില്‍ക്കൂടുതല്‍ നനച്ചാല്‍ വേര് ചീയല്‍ ബാധിക്കും. തണുപ്പുകാലത്ത് വളരെ മിതമായ രീതിയില്‍ നനച്ചാല്‍ മതിയാകും.വേനൽക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിലും.
വിളവ്
ചെറുനാരകം നട്ട് 3-4 വര്‍ഷംകൊണ്ട് കായ്ക്കുന്നു.6 ‍വർഷമായാൽ ക്രമമായ വിളവ് ലഭിച്ചു തുടങ്ങും. മരമൊന്നില്‍നിന്ന് പ്രതിവര്‍ഷം 500 കായ്കള്‍ വരെ വിളവെടുക്കാം.(ഒരു മരത്തിൽ നിന്നും വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പറിച്ചെടുക്കാം)150 മുതല്‍ 160 വരെ ദിവസങ്ങൾ കൊണ്ടാണ് ചെറുനാരങ്ങ പൂർണ്ണ വളര്‍ച്ചയെത്തി വിളവെടുക്കുന്നത്.
ആദായം
100 ചെടിയിൽ നിന്ന് 500 കിലോ നാരങ്ങ ഏറ്റവും കുറഞ്ഞത് ലഭിക്കും.ഇപ്പോഴത്തെ വില അനുസരിച്ചു കിലോക്ക് 50 രൂപ വച്ചു കൂട്ടിയാലും 25000 രൂപ ലഭിക്കും.
മണ്ണ്
എല്ലാ തരത്തിലുള്ള മണ്ണിലും വളരാനുള്ള കഴിവ് ചെറുനാരങ്ങയുടെ തൈകള്‍ക്കുണ്ട്. 5.5 നും 7.0 നും ഇടയില്‍ പി.എച്ച് മൂല്യമള്ള മണ്ണാണ് അനുയോജ്യം.നല്ല നീര്‍വാര്‍ച്ചയുള്ളയുള്ള മണ്ണില്‍ മൂന്നാം വര്‍ഷം മുതല്‍ ചെറുനാരങ്ങ കായ്ച്ചു തുടങ്ങും.15 മുതല്‍ 20 വര്‍ഷം വരെ ഒരു മരത്തിൽ നിന്നും വിളവെടുക്കാം.
രോഗങ്ങള്‍
 ബാക്ടീരിയയുടെ ആക്രമണം കൊണ്ടുണ്ടാകുന്ന ‘കാങ്കര്‍’ ആണ് ചെറുനാരകത്തെ ബാധിക്കുന്ന പ്രധാന രോഗം. ഇലകളിലും ശിഖരങ്ങളിലും കായ്കളിലുമൊക്കെ വൃത്താകൃതിയില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുന്നതാണ് ലക്ഷണം. കായ്കള്‍ ചുക്കിച്ചുളിയുന്നതും ഇലപൊഴിച്ചിലും ശിഖരം മുറിയലും ഉണ്ടാവുന്നു. രോഗസംക്രമണം തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.കായ് പിടിക്കുന്ന അവസരത്തിലും ഇതു തളിക്കേണ്ടതുണ്ട്. രോഗകീടങ്ങളുള്ള ശിഖരങ്ങളും ഇലകളും കത്തിക്കുന്നതും രോഗവ്യാപനം തടയും.
ഗുണങ്ങൾ
ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനും ജീവകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ജീവകം സി യുടെ ഉറവിടം എന്ന നിലയിലും വളരെ പ്രസിദ്ധമാണ് ചെറുനാരങ്ങ.കൂടാതെ ഇതിലടങ്ങിയ സിട്രിക് ആസിഡ് നല്ലൊരു അണുനാശിനിയായും പ്രവർത്തിക്കുന്നു. നാട്ടുമരുന്നുകളിൽ ചെറുനാരങ്ങയുടെ സ്ഥാനം മുന്നിലാണ്.ഒട്ടു മിക്ക രോഗങ്ങൾക്കുമുള്ള പരിഹാരമായി ചെറുനാരങ്ങ ഉപയോഗിക്കപ്പെടുന്നു.കൂടാതെ നല്ലൊരു ദാഹശമിനിയുമാണ് ചെറുനാരങ്ങ.വീടുകളിൽ ഒരു പ്രയാസവുമില്ലാതെ വളർത്തിയെടുക്കാൻ പറ്റുന്ന, ഇത്ര കണ്ട് ഉപകാരപ്രദമായ വേറൊരു ചെടി ഇല്ല എന്നുതന്നെ പറയാം.

Back to top button
error: