NEWSSports

ജിമ്മി ജോർജ്ജ് എന്ന ഇതിഹാസം

1960-കളുടെ തുടക്കം.കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് പള്ളിയുടെ മുറ്റത്ത് പ്രദേശവാസികളായ കായികപ്രേമികൾ വൈകുന്നേരങ്ങളിൽ ഒത്തുകൂടുമായിരുന്നു.വോളിബോളാണ് പ്രധാന വിനോദം.താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കോർട്ടിൽ പ്രായഭേദമന്യേ നാട്ടുകാർ ആവേശത്തോടെ പന്തുകളിച്ചു.ആ പള്ളിമുറ്റത്തെ കളിക്കളത്തിൽ കുട്ടികൾ കളിച്ചുവളർന്നു.എന്നാൽ അവരുടെ ആവേശത്തിന്റെ സ്മാഷുകളിൽ പള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ ഒന്നൊന്നായി തകർന്നു വീഴാൻ തുടങ്ങിയതോടെ പുതുതായി ചാർജ്ജെടുത്ത വികാരിയച്ചൻ ഇനി പള്ളിമുറ്റത്ത് പന്തുകളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടെടുത്തു.വികാരിയച്ചൻ ഒരുതരത്തിലും തീരുമാനം മാറ്റില്ലെന്നുറപ്പായപ്പോൾ നാട്ടുകാരിലൊരാളായ തൊണ്ടിയിൽ കടുക്കച്ചിറയിലെ ജോർജ്ജ് വക്കീൽ കൂട്ടുകാരെയും കൂട്ടി തന്റെ കുടുംബസ്വത്തിൽപ്പെട്ട പറമ്പിലേക്ക് കയറിച്ചെന്നു.പിന്നെ നല്ല വിളവ് തന്നിരുന്ന ഇരുപതോളം തെങ്ങുകൾ വെട്ടിമാറ്റി ജോർജ്ജ് വക്കീൽ തൊണ്ടിയിലുകാർക്കായി ഒരു സ്ഥിരം കോർട്ട് അവിടെ പണിതുനൽകി.ജോർജ്ജ് വക്കീൽ വാശിപ്പുറത്ത് ചെയ്തത് വിഡ്ഡിത്തമെന്ന് പലരും പറഞ്ഞു.എന്നാൽ അവർക്കുള്ള മറുപടിയെന്നോണം ജോർജ്ജ് വക്കീൽ തന്റെ പത്തു മക്കളേയും കോർട്ടിൽ ഇറക്കി കളിപ്പിച്ചു.ആദ്യം കോർട്ടിന്റെ പിന്നിൽ പന്തുപറക്കാൻ നിന്നിരുന്ന ജോർജ്ജിന്റെ മക്കൾ പിന്നീട് ബാക്ക് കോർട്ടിൽ ഇറങ്ങി കളിച്ചു.പിന്നെ മുൻനിരയിലേക്ക് കയറി സ്മാഷുകൾ തൊടുക്കാൻ തുടങ്ങി.ഒടുവിൽ ആ പത്തു മക്കളിൽ ആൺകുട്ടികളായി ഉണ്ടായിരുന്ന എട്ടുപേരേയും കൂട്ടി ‘ജോർജ്ജ് ബ്രദേഴ്സ്’ എന്നൊരു ടീം തന്നെ വക്കീൽ ഉണ്ടാക്കി.
ജോർജ്ജ് വക്കീലിന്റെ വാശിപ്പുറത്തുണ്ടായ ആ കോർട്ടിൽ നിന്നും മക്കളിലൊരാൾ പിന്നീട് അതിരുകളും ആകാശങ്ങളും ഭേദിച്ചു വളർന്ന് ഇന്ത്യൻ കായികരംഗത്തിന്റെ ആഗോളമുഖമായി. രാജ്യാതിർത്തികൾ ഭേദിച്ച് ആ പേരും പ്രശസ്തിയും വളർന്നു.ലോകത്തിന്റെ പലഭാഗങ്ങളിലും ആ പേരിൽ സ്റ്റേഡിയങ്ങളും പവലിയനുകളുമുണ്ടായി.ജിമ്മി ജോർജ്ജ് എന്നായിരുന്നു ആ മകന്റെ പേര് !!
മലബാറിലെ മലയോരമേഖലയിൽ നിന്നുള്ള ആദ്യകാല ബിരുദധാരിയും അഭിഭാഷകനുമായിരുന്നു ജിമ്മിയുടെ പിതാവ് ജോർജ്ജ് ജോസഫ്.അതിലുപരി യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ കഴിവുതെളിയിച്ചിട്ടുള്ള വോളിബോൾ താരംകൂടിയായിരുന്നു അദ്ദേഹം.പിതാവിന്റെ വോളിബോൾ കമ്പമാണ് ജിമ്മിയടക്കമുള്ള മക്കളെ നന്നേ ചെറുപ്രായത്തിൽ തന്നെ കോർട്ടിലെത്തിച്ചത്.ജിമ്മിയുടെ ആദ്യ പരിശീലകനും ജോർജ്ജ് വക്കീൽ ആയിരുന്നു.
1986-ലെ സോൾ ഏഷ്യാഡിൽ ജിമ്മിയുടെ മികവിലൂടെ ഇന്ത്യ അന്ന് വെങ്കലം നേടി.21-ാം വയസ്സിൽ അർജ്ജുന അവാർഡ് നേടിയ ജിമ്മി യൂറോപ്യൻ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനുമാണ്.ജിമ്മിയോടൊപ്പം ‘ജോർജ്ജ് ബ്രദേഴ്സ്’ ടീമിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ ജോസ്, സെബാസ്റ്റ്യൻ, മാത്യു, ബൈജു, സ്റ്റാൻലി,വിൻസ്റ്റൺ, റോബർട്ട് എന്നിവരും ദേശീയ ടീമിൽ കളിച്ചവരാണ്.ജാൻസി, സിൽവിയ..എന്നീ പെൺമക്കളും പിന്നീട് കായികകേരളത്തിന്റെ അഭിമാനമായി.
കണ്ണൂരിന്റെ കിഴക്കേ അറ്റത്ത് പേരാവൂരിന് സമീപം താമസിക്കുന്ന ഈ കായികകുടുംബം ആരാധ്യമാകാൻ കാരണം ജിമ്മിയും സഹോദരങ്ങളുമായിരുന്നു. മരുമകളായെത്തിയ അഞ്ജു ബോബി ജോർജ്ജ് ആ കായിക യശ്ശസ് വീണ്ടും വിശ്വത്തോളമുയർത്തി.
( ഫോട്ടോ: ജോർജ്ജ് ബ്രദേഴ്സ് ടീം പിതാവും കോച്ചുമായ ജോർജ്ജ് വക്കീലിനും ഭാര്യ മേരിക്കും ഒപ്പം)

Back to top button
error: