പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവർന്നെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നത്. മുഹൈദിനെ കാറില്‍ കയറ്റി കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിടുകയും തുടര്‍ന്ന് മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു.
ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹൈദിനും ഇന്‍ഷയുമായി ദുബായില്‍ വച്ച് പ്രണയത്തിലായിരുന്നു.
ഇതിനിടെ തിരികെ നാട്ടിലേക്കെത്തിയ ഇന്‍ഷ തനിക്ക് മറ്റ് ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന് സംസാരിക്കാൻ മുഹൈദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. പക്ഷേ ബന്ധത്തില്‍ നിന്നും താൻ പിന്മാറുകയായെന്ന് മുഹൈദിന്‍ യുവതിയെ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം എന്ന നിലയില്‍ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ പണം നൽകാൻ മുഹൈദിന്‍ തയ്യാറായില്ല. അങ്ങനെയാണ് എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും ചേർന്ന് കാറില്‍ കയറ്റിയത്.
നഷ്ടപരിഹാരമായി ആവശ്യപ്പെട്ട ഒരു കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തത്. കൂടാതെ, മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. ഒടുവിൽ പ്രവാസിയായ മുഹൈദിനെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അതിനിടയില്‍, മറ്റൊരു ഫോണില്‍ നിന്നും ബന്ധുക്കളെ മുഹൈദിന്‍ ബന്ധപ്പെട്ടു. വലിയതുറ പൊലീസാണ് യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.