IndiaNEWS

50 ലിറ്റർ ശേഷിയുള്ള കാറിൽ 57 ലിറ്റർ പെട്രോൾ അടിച്ചെന്നു ഹൈക്കോടതി ജഡ്ജിക്കു ബിൽ നൽകി, പമ്പ് പൂട്ടിച്ചു

ഭോപ്പാൽ: പരമാവധി അന്‍പതു ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചെന്നു കാട്ടി ഹൈക്കോടതി ജഡ്ജിക്കു ബില്‍! ബില്ലു കണ്ടു ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയ പെട്രോള്‍ പമ്പ് അടപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ് ടാങ്കില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചതായി കാട്ടി ബില്ലു നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. പെട്രോള്‍ പമ്പില്‍ വണ്ടി നിർത്തിയ ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പില്‍ ഉണ്ടായിരുന്നവരോടു പറഞ്ഞു. തുടർന്ന് ജീവനക്കാർ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു.

Signature-ad

തുടർന്ന് 57 ലിറ്റർ പെട്രോൾ അടിച്ചതായി ബില്ലും നൽകി. ബിൽ കിട്ടിയ ഡ്രൈവർ ഞെട്ടി. കാറിന്റെ ഇന്ധന ടാങ്കിന് ആകെ ശേഷി 50 ലിറ്ററാണ്. കാറിന്റെ പിന്‍ സീറ്റില്‍ ആയിരുന്ന ജഡ്ജി ഉടന്‍ തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു. തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തിയ ജഡ്ജി വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ എത്തി പരിശോധിക്കുകയായിരുന്നു. അളവിൽ കൃത്രിമം കണ്ടെത്തിയതോടെ പമ്പ് പൂട്ടിച്ചു. ഇതിനു പിന്നാലെ സംസ്ഥാനത്തുടനീളം പമ്പുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Back to top button
error: