മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. മതിയായ ചികിൽസ ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നത്. ഇതിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടലും ഉണ്ട്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി ചാണ്ടിയും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തു വിട്ടു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ നല്‍കി. എന്നാല്‍, വീണ്ടും ബെംഗളൂരുവില്‍ എത്തിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടിയും ബന്ധുക്കളും ഫെബ്രുവരി 3ന് നൽകിയ കത്തില്‍ ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. മുന്‍ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്.
മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്നും സഹോദരനും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്‍ അലക്‌സ് വി. ചാണ്ടി അടക്കമുള്ള 42 പേര്‍ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കും നല്‍കി.
ആരോപണത്തെ തുടർന്ന് ഇന്നലെ ഉമ്മൻ ചാണ്ടി മകൻ ചാണ്ടിയുടെ ഫേസ് ബുക്കിൽ ലൈവിൽ നേരിട്ട് എത്തി. തനിക്ക് മികച്ച ചികിത്സയും, പിന്തുണയും കുടുംബത്തിൽ നിന്നും, പാർട്ടി പ്രവർത്തകരിൽ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കി
തുടര്‍ച്ചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയില്‍ യാതൊരു വീഴ്ചയുമില്ല. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെപൂര്‍ണരൂപം:
അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്നലെ വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.