KeralaNEWS

അഴിഞ്ഞാടി അരിക്കൊമ്പൻ; ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു, അതിഥി തൊഴിലാളികൾ രക്ഷപെട്ടത് അത്ഭുതകരമായി

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അഴിഞ്ഞാടി അരിക്കൊമ്പൻ. ബി എൽ റാവിൽ ഒരു വീട് കാട്ടാന ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. നാട്ടുകാർക്ക് നിരന്തരം ഭീഷണിയാകുന്ന കാട്ടാനകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന് നേരത്തേ സർവകക്ഷി യോഗം ചേർന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍, കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്.

അതേസമയം, കാട്ടാന ശല്യം രൂക്ഷമായ പന്നിയാര്‍, ആനയിറങ്കല്‍ മേഖലകളില്‍ റേഷന്‍ വിതരണം തടസമില്ലാതെ നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ശാന്തന്‍പാറ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 13 തവണ കാട്ടാന തകര്‍ത്ത പന്നിയാര്‍ എച്ച്.എം.എല്‍ എസ്‌റ്റേറ്റിലെ റേഷന്‍കടയിലെ ഭക്ഷ്യവസ്തുക്കള്‍ എസ്‌റ്റേറ്റ് അധികൃതര്‍ നല്‍കിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയില്‍ സൂക്ഷിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിതരണം നടത്തും. ആളുകള്‍ക്ക് റേഷന്‍ വാങ്ങാന്‍ വരാനാവാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ വാതില്‍പ്പടി സേവനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തരെ ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും.

പന്നിയാറിലെ ദുര്‍ബലമായ റേഷന്‍കട കെട്ടിടത്തിന്റെ സ്ഥാനത്ത് രണ്ട് മാസത്തിനകം എസ്‌റ്റേറ്റ് അധികൃതര്‍ 300 ചതുരശ്ര അടിയുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കും. ഇതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത എസ്‌റ്റേറ്റ് അസി. മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആന പതിവായി തകര്‍ക്കുന്ന ആനയിറങ്കലിലെ റേഷന്‍ കട കെട്ടിടത്തിന് പകരവും കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കുമെന്ന് എസ്‌റ്റേറ്റ് അധികൃതർ അറിയിച്ചിരുന്നു.

Back to top button
error: