LIFEMovie

ആടുതോമയ്ക്ക് റെയ്ബാൻ ഗ്ലാസ് വച്ച് ഭദ്രൻ, പിരിച്ചുവച്ച മീശയുമായി മോഹൻലാൽ കെ.എസ്. ചിത്രയോടൊപ്പം പാടി… ‘ഏഴിമലപ്പൂഞ്ചോലാ…’- വീഡിയോ; 27 വർഷങ്ങൾക്ക് ശേഷവും ഇരട്ടി വീര്യത്തോടെ ‘സ്ഫടികം 4കെ’

തൊണ്ണൂറുകളിൽ മലയാളികളെ ഹരംകൊള്ളിച്ച സിനിമകളിലൊന്നാണ് ഭദ്രൻ സംവി​ധാനം ചെയ്ത സ്ഫടികം. 27 വർഷങ്ങൾക്കിപ്പുറവും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ആടു തോമയും ചാക്കോമാഷും പുതിയ സാങ്കേതികതയിൽ ബി​ഗ് സ്ക്രീനിൽ എത്തുകയാണ്. നടൻ മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. 4കെ ദൃശ്യമികവോടെയും ഡയലോഗുകൾക്ക് ഡോൾബി അറ്റ്മോസിന്റെ ശബ്ദ വിന്യാസത്തോടെയും ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക.

സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ​എന്ന ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ​ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ. പുനർ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ​ഗാനത്തിനായി കെ.എസ്. ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയിൽ കാണാം. എസ്.പി. വെങ്കടേഷിന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി. ഭാസ്കരൻ മാസ്റ്റർ ആണ്. ചിത്രയും മോഹൻലാലും ചേർന്ന് തന്നെയാണ് പഴയ ​ഗാനവും ആലപിച്ചിരിക്കുന്നത്. ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മകള്‍ മാത്രമാണ്. റിലീസിന് മുന്‍പ് അവര്‍ക്കായി ഒരു അനുസ്മരണ സന്ധ്യയും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഓര്‍മ്മകളില്‍ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കും.

ഈ സിനിമയിലെ ഓരോ ഡയലോഗും അഭിനേതാക്കളുടെ മുഖഭാവവും ഓരോ പ്രേക്ഷകനും പരിചിതമാണെങ്കിലും, എപ്പോഴെല്ലാം സിനിമ ടിവിയിൽ വന്നാലും മടുപ്പില്ലാതെ കാണാൻ കഴിയും എന്നതു തന്നെയാണു സ്ഫടികത്തിന്റെ തിളക്കം. സ്ഫടികം തിയറ്ററിൽ ആസ്വദിക്കാൻ കഴിയാതിരുന്ന കോടിക്കണക്കിനു യുവാക്കളുണ്ടെന്നും അവർക്കു വേണ്ടിയാണ് 27 വർഷത്തിനു ശേഷം വീണ്ടും പുതുമോടിയോടെ പുറത്തിറങ്ങുന്നതെന്നും സംവി​ധായകൻ ഭദ്രൻ ഒരിക്കൽ ഒരു അഭിമു​ഖത്തിൽ പറഞ്ഞിരുന്നു. വീഞ്ഞും വീഞ്ഞു കുപ്പിയും പഴയതു തന്നെയാണെങ്കിലും ഇതിന്റെ വീര്യം ഇരട്ടിക്കുകയാണ് ഇപ്പോൾ. ആദ്യ ചിത്രത്തിൽ മനഃപൂർവമല്ലാതെ ഉണ്ടായ ചില പാളിച്ചകൾ ഇതിൽ പരിഹരിച്ചിട്ടുണ്ട്. പുതിയ സ്ഫടികത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നതെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം പ്രേക്ഷകർക്കാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1995 മാര്‍ച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. 225 ദിവസം ചിത്രം തുടർച്ചയായി തിയറ്ററിൽ പ്രദർശിപ്പിച്ചു. ആടുതോമ എന്ന നായകകഥാപാത്രം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി മാറി. തിലകൻ അവതരിപ്പിച്ച ചാക്കോമാഷ് എന്ന കഥാപാത്രവും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഉർവശി, കെപിഎസി ലളിത, നെടുമുടി വേണു, കരമന ജനാർദനൻ നായർ, സിൽക്ക് സ്മിത തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി വേഷമിട്ടത്. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്നിവ ഉള്‍പ്പടെയുള്ള ചിത്രത്തിലെ ഡയലോഗുകൾ ഇന്നും സൂപ്പർ ഹിറ്റാണ്.

സിനിമയുടെ ഒറിജിനൽ നെഗറ്റീവ് ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിൽ നിർമാതാവ് ആർ.മോഹന്റെ കസ്റ്റഡിയിലായിരുന്നു. അത് യുഎസിൽ കൊണ്ടു പോയി നേരിട്ടു പകർത്തിയെടുത്താണു ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറ്റിയത്. ഏകദേശം 30 ലക്ഷത്തോളം രൂപ അതിന് മാത്രം ചിലവായി. പിന്നീട് സിനിമയിലെ ഓരോ ഘടകവും പ്രത്യേകം പ്രത്യേകം മിഴിവു കൂട്ടി. ചിത്രത്തിന്റെ ശബ്ദം മോണോ ഓഡിയോയായിരുന്നു. അതു ഡോൾബിയിലേക്കു മാറ്റി. പശ്ചാത്തല സംഗീതത്തിലെ ഓരോ ഭാഗവും അഴിച്ചെടുക്കുന്ന അതിസങ്കീർണമായ ജോലി ചെയ്തത് ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ്. ഒരു കോടി രൂപയ്ക്കു മുകളിലാണു നിർമാണ ചെലവ്.

നാല് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയിൽ 12 സിനിമകൾ മാത്രമേ ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്തിട്ടുള്ളു. എങ്കിലും മലയാള സിനിമാ സംവിധായകരുടെ മുൻനിരയിൽ ആ പേര് ഇടം പിടിച്ചു. മലയാള സിനിമാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത സ്ഫടികം എന്ന ഒറ്റ ചിത്രം മതി ഈ സംവിധായകന്റെ മികവ് മനസിലാക്കാൻ. പാലാ കൊല്ലപ്പള്ളി മാട്ടേൽ കുടുംബത്തിലാണ് ജനനം. തോമസ് എന്നാണ് യഥാർഥ പേര്. സ്കൂൾകാലത്ത് ലഭിച്ച ഭദ്രകാളി എന്ന ഇരട്ടപ്പേര് പരിഷ്കരിച്ച് ഭദ്രൻ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. ഭദ്രൻ എന്ന സംവിധായകപ്രതിഭയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് സ്ഫടികം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഭദ്രന്റേതായിരുന്നു.

Back to top button
error: