ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് വധഭീഷണി ഫോൺ കോൾ വന്നത് കർണാടക ജയിലിൽനിന്ന്. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലെ ജീവനക്കാരാണ് ഫോൺ ഫോൺ അറ്റൻഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു. ബെലഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോൺ ഉപയോഗിച്ച് ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചത്. ഇയാളെ വിട്ടുകിട്ടാൻ നാഗ്പൂർ പൊലീസ് കർണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ജയിലിൽ നിന്നാണ് ഭീഷണിപ്പെടുത്തിയത്. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചത്. ജയിലിനുള്ളിൽ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
പ്രതിയിൽനിന്ന് ജയിൽ അധികൃതർ ഡയറി കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ജയിൽ അധികൃതർ വ്യക്തമാക്കി. നാഗ്പൂർ പോലീസ് ബെലഗാവിയിലെത്തി ജയേഷിനെ പ്രൊഡക്ഷൻ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഗഡ്കരിയുടെ ഓഫീസിലേക്ക് ബിഎസ്എൻഎൽ നമ്പറിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11.25, 11.32, 12.32 എന്നിങ്ങനെ മൂന്ന് കോളുകളാണ് എത്തിയത്. താൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണെന്നും 100 കോടി രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് പിന്നാലെ ഗഡ്കരിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.