IndiaNEWS

അർധരാത്രി കർഷകരെ വീട്ടിൽ കയറി പൊലീസ് മർദിച്ചെന്നാരോപിച്ച് ബിഹാറിൽ നടന്ന കർഷകപ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാനുകൾ കത്തിച്ചു

ബിഹാർ: പൊലീസ് അർധരാത്രി കർഷകരെ വീട്ടിൽ കയറി മർദിച്ചെന്നാരോപിച്ച് ബിഹാറിലെ ബക്‌സറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. രോഷാകുലരായ പ്രതിഷേധക്കാർ പ്രദേശത്തെ എസ്ജെവിഎൻ തെർമൽ പവർ പ്ലാന്റ് ഓഫീസിന് പുറത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു. കർഷകർ പൊലീസ് വാനുകൾ കത്തിക്കുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Signature-ad

പ്രതിഷേധക്കാർ വൈദ്യുത നിലയവും തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ശ്രമം തുടരുകയാണെന്നും ബക്സർ എസ്പി മനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച അർധരാത്രി കർഷകരുടെ വീടുകളിൽ പൊലീസ് അതിക്രമിച്ച് കയറി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 2010-11 ന് മുമ്പ് എസ്ജെവിഎൻ പവർ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം തന്നില്ലെന്നാരോപിച്ച് കർഷകർ കുറച്ചുകാലമായി പ്രതിഷേധത്തിലാണ്. അന്ന് നിലവിലുള്ള തുകയ്ക്ക് അനുസൃതമായി കർഷകർക്ക് നഷ്ടപരിഹാരം നൽകിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ, കഴിഞ്ഞ വർഷം കമ്പനി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി. പഴയനിരക്കിൽ തന്നെയാണ് ഇപ്പോഴും കമ്പനി ഭൂമി ഏറ്റെടുക്കുന്നുവെന്നും ഇവിടുത്തെ കർഷകർ ആരോപിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും നിലവിലെ നിരക്കനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്ന കഴിഞ്ഞ രണ്ടുമാസമായി ഇവിടെ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ബാക്കിയായാണ് പൊലീസ് കഴിഞ്ഞദിവസം വീടുകയറി സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടതെന്നും കർഷകർ ആരോപിക്കുന്നു.

Back to top button
error: