ദില്ലി: ബന്ധു പ്രണയത്തിലായ വ്യക്തിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ കത്തിയമര്‍ന്നത് പാര്‍ക്കിംഗ് യാര്‍ഡിലെ നിരവധി വാഹനങ്ങള്‍. ദില്ലിയിലെ സുഭാഷ് നഗറിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് യാര്‍ഡിലുണ്ടായ അഗ്നിബാധയില്‍ 22 കാറുകളാണ് പൂര്‍ണമായും കത്തി നശിച്ചത്. തിങ്കളാഴ്ചയായിരുന്നു അഗ്നിബാധ. അഗ്നിബാധയുടെ കാരണം തിരഞ്ഞ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലില്‍ എത്തിയത്. 23 വയസുകാരനായ യുവാവ് ബന്ധുവിന്‍റെ കാമുകന്‍റെ വാഹനം കത്തിക്കാന്‍ ശ്രമിച്ചതാണ് വലിയ അഗ്നിബാധയ്ക്ക് കാരണമായത്.
യഷ് അറോറ എന്ന 23കാരനാണ് ഒറ്റ കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ 22 കാര്‍ കത്തിച്ചത്. ദില്ലി കോര്‍പ്പറേഷന്‍റെ മള്‍ട്ട് ലെവല്‍ പാര്‍ക്കിംഗിലേക്ക് തിങ്കളാഴ്ച രാവിലെ ഹോണ്ട സിആര്‍വിയിലാണ് യഷ് അറോറ എത്തുന്നത്. ഇവിടെ എത്തിയ യഷ് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലെ ബന്ധുവിന്‍റെ കാമുകനായ പതിനെട്ടുകാരന്‍റെ കാറിന്‍റെ ടയറിന് തീയിടുകയായിരന്നു. ഇതിന് ശേഷം യഷ് ഇവിടെ നിന്നും വാഹനം ഓടിച്ചുകൊണ്ടുപോയി. എന്നാല്‍ അതിനോടകം ടയറിലെ തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു. മാരുതി എര്‍ട്ടികയ്ക്കാണ് യഷ് തീയിട്ടത്. ഇതില് നിന്നും പടര്‍ന്ന തീ ഇതേ നിലയിലുള്ള 20ഓളം കാറുകളിലേക്ക് പടരുകയായിരുന്നു.
22 കാറുകളില്‍ 14 കാറുകളുടെ നമ്പര്‍ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. പുലര്‍ച്ചെ നാല് മുപ്പതോടെയാണ് അഗ്നിബാധ സംബന്ധിച്ച വിവരം ഫയര്‍ ഫോഴ്സിനെ അറിയിക്കുന്നത്. ഏഴ് വാഹനങ്ങള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ പ്രയത്നിച്ച ശേഷമാണ് അഗ്നി നിയന്ത്രണ വിധേയമായത്. മിക്ക വാഹനങ്ങളും പൂര്‍ണമായി കത്തിയമര്‍ന്ന് ചേസിസ് മാത്രമായ നിലയിലായിരുന്നു. പാര്ക്കിംഗ് യാര്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുറ്റവാളിയെ കണ്ടെത്തിയത്. അറോറയെ അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കി.