തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധക്കാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കൗൺസിലിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെയാണ് ചർച്ചക്ക് വിളിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ചർച്ച. ആദ്യ ഘട്ട ചർച്ചക്ക് ശേഷവും പ്രതിഷേധം തുടരുന്ന സ്ഹചര്യത്തിലാണ് പ്രതിഷേധക്കാരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞ നാലിനാണ് സർക്കാർ ആദ്യ ഘട്ട ചർച്ച നടത്തിയത്. എന്നാൽ മേയർ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
അതേസമയം കത്ത് വിവാദത്തിൽ കേസ് തള്ളമെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ ആവശ്യം തള്ളി ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസും തള്ളണമെന്നായിരുന്നു കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം. ഹൈക്കോടതി തള്ളിയത് കൊണ്ട് ഓംബുഡ്സ്മാൻ കേസ് തള്ളണമെന്നില്ലന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ വ്യക്തമാക്കി. കേസ് ഫെബ്രുവരി 22 ന് വിചാരണക്കായി മാറ്റി. മേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോടാണ് ഓംബുഡ്സ്മാന് പരാതി നൽകിയത്.