LocalNEWS

മുല്ലയ്ക്കൽ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക്; ആലപ്പുഴ നഗരം ആഘോഷതിമിർപ്പിൽ

ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോൾ ആലപ്പുഴ നഗരം ആഘോഷതിമിർപ്പിൽ. ക്രിസ്തുമസ് അവധിക്കായി സ്കൂളുകളും കോളജുകളും അടച്ചതോടെ നഗരത്തിൽ ഇന്നലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിറപ്പ് ആസ്വദിക്കുവാനും സാധനങ്ങൾ വാങ്ങിക്കുന്നതിനും രാവിലെ മുതൽ തന്നെ കോളേജ് കുട്ടികൾ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്. ഉച്ച കഴിയുമ്പോഴേയ്ക്കും തിരക്കിന്‍റെ കാര്യം പറയുകയേ വേണ്ട. വൈകുന്നേരമാകുന്നതോടെ കുടുംബ സമേതമാണ് ആളുകൾ ചിറപ്പിനെത്തുന്നത്. ചെറുകിട കച്ചവടക്കാർക്ക് പുറമേ വമ്പൻ മേളകളും ചിറപ്പിന്‍റെ ഭാഗമായി ഒരുങ്ങിയിട്ടുണ്ട്.

കോവിഡിന് മുമ്പുള്ള ഏതാനും വർഷങ്ങളിൽ ചിറപ്പിന്‍റെ പ്രധാന ഇനമായ കാർണിവൽ നടന്നിരുന്നില്ല. എന്നാൽ ഇത്തവണ മരണക്കിണർ ഉൾപ്പടെയാണ് മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ കാർണിവൽ പുനരാരംഭിച്ചത്. 70 രൂപയാണ് റൈഡുകൾക്ക് ഈടാക്കുന്നത്. കൂടാതെ ജയന്‍റ് വീൽ, ട്രെയിൻ, കപ്പലാട്ടം, കുട്ടികളുടെ വിവിധ റൈഡുകൾ എന്നിവയുണ്ട്. ഇഗ്വാന മുതൽ വിചിത്രയിനം പക്ഷി മൃഗാദികളുടെ പ്രദർശനം കാണാനും ധാരാളം പേർ എത്തുന്നുണ്ട്. മ്യൂസിക്കൽ ലൈവ് പാനീയ കടകളോടാണ് യുവാക്കൾക്ക് പ്രിയം. സംഗീതത്തിന്‍റെ അകമ്പടിയിലാണ് ഇവിടെ കുലുക്കി സർബത്ത് മുതലുള്ള പാനീയങ്ങൾ തയ്യാറാക്കുന്നത്. ശരീരത്തിൽ തത്സമയമുള്ള പച്ചകുത്തൽ മുതൽ കാത് കുത്ത് വരെയുമായി അന്യസംസ്ഥാനക്കാരും രംഗത്തുണ്ട്. ഉത്തരേന്ത്യൻ ആഭരണങ്ങൾ തേടി നിരവധിപ്പേർ എത്തുന്നു. ഇത്തരം ആഭരണങ്ങളുടെ വൻ ശേഖരമാണ് കച്ചവടക്കാർ എത്തിച്ചിരിക്കുന്നത്. കുട്ടികളുടെ കളിപ്പാട്ടം മുതൽ അമ്മിക്കല്ല് വരെ മുല്ലയ്ക്കൽ – കിടങ്ങാംപറമ്പ് വീഥിയിൽ നിരന്നിട്ടുണ്ട്. ജനത്തിരക്ക് ക്രമാതീതമായതിനാൽ നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വനിതാ പൊലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. അതേസമയം അന്യസംസ്ഥാന കച്ചവടക്കാർക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയുണ്ട്.

Signature-ad

ലഹരി ഉപയോഗിച്ച ശേഷം ഒപ്പമുള്ളവരോടും കുട്ടികളോടും ഇവര്‍ തട്ടിക്കയറുന്നത് പതിവായി മാറി. തുണിയിൽ നിർമ്മിച്ച പാവകൾ, ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന പാവകൾ, ഏറു പൊട്ടാസ്, മുളയിലയിലും ഇലകളിലും തീർത്ത പൂച്ചെടികൾ, ബാഗുകൾ, ചെരുപ്പുകൾ, കീച്ചെയിനുകൾ എന്നിവ നഗരത്തിലെ നിരത്തുകൾ കീഴടക്കിയിട്ടുണ്ട്. പൊരിക്കടകളും കുലുക്കി സർബത്തും കരിമ്പും എന്നത്തേയും പോലെ തന്നെ വിപണന മേളകളിൽ സജീവമാണ്. വിവിധതരം ബജികൾ ആവശ്യക്കാരുടെ കൺമുൻപിൽ തന്നെ പാകപ്പെടുത്തി നൽകുന്ന കടകളുമുണ്ട്. ഫാന്‍റസി സാധനങ്ങൾ, പ്ലാസ്റ്റിക് പൂക്കൾ, കളിപ്പാട്ടങ്ങൾ, മാലകൾ, കമ്മലുകൾ, ഭരണികൾ, സ്റ്റീൽ പാത്രങ്ങൾ തുടങ്ങി സകലതും നിരത്തിൽ ഇടംപിടിച്ചു തുടങ്ങി. 30 രൂപയുടെ കമ്മലുകളാണ് ട്രെൻഡ്. പല മോഡലുകളിലുള്ള ജിമിക്കികൾ ഇത്തവണയും താരങ്ങളാണ്. 20 രൂപയുടെ തടിയിൽ തീർത്ത വളകൾക്കും ആവശ്യക്കാർ ഏറെയാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.

Back to top button
error: