മുംബൈ: മുംബൈയിൽ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ച മലയാളി മരിച്ചു. കാസർകോട് സ്വദേശി ഹനീഫയാണ് ഇന്ന് പുലർച്ചെ കുഴഞ്ഞ് വീണ് മരിച്ചത്. പ്രതികൾക്കൊപ്പം ഒത്ത് കളിച്ച പൊലീസ് മർദ്ദനം നടന്ന് മൂന്നാഴ്ച ആയിട്ടും കേസെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ മാസം 6 നാണ് ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 10 ലേറെ പേരടങ്ങുന്ന ഗുണ്ടാ സംഘം ഹനീഫയെ അതിക്രൂരമായി ആക്രമിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഹനീഫ.
ഹൃദയാഘാതം ഉണ്ടായതോടെ ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇന്ന് രാവിലെ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവിടെ വച്ച് തന്നെ മരിച്ചു. ആക്രമണമുണ്ടായ ദിനം തന്നെ മുംബൈയിലെ എം ആർ എ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ്. കേസിലെ മുഖ്യ പ്രതിയായ നൂറുൽ ഇസ്ലാം അടക്കമുള്ളവരെക്കുറിച്ച് എല്ലാ വിവരങ്ങളും നൽകി. എന്നാൽ പ്രതികളുമായി ഒത്തുകളിച്ച പൊലീസ് എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടി എടുക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന് മുംബൈ കേരളാ മുസ്ലീം ജമായത്ത് പറഞ്ഞു.
ഹനീഫയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകൾ ഇപ്പോഴുമുണ്ട്. പ്രതിഷേധത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കാൻ തീരുമാനിച്ചത്. മുംബൈയിൽ വർഷങ്ങളായി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു ഹനീഫ. ഡിപ്പോസിറ്റ് തുകയടക്കം നൽകാതെ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ നിയമനടപടിക്കൊരുങ്ങിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് ആശുപത്രി കിടക്കയിൽ വച്ച് ഹനീഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.