കൊച്ചി: തൃപ്പൂണിത്തുറയില്‍ ഭക്ഷണസാധനങ്ങള്‍ ഡെലിവറി നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു സ്ത്രീയുടെ മുടിയില്‍ കുത്തിപ്പിടിച്ച് അരിവാളുമായി മറ്റൊരു സ്ത്രീയുടെ അതിക്രമം. കിഴക്കേകോട്ടയില്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു സംഭവം.
ഇവിടെ ഒരു സ്ഥാപനത്തില്‍നിന്ന് ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ കൊണ്ടുപോകാന്‍ വന്ന വനിതയുടെ ഇരുചക്രവാഹനത്തിന്റെ താക്കോല്‍ സമരം ചെയ്യുന്ന സ്വിഗ്ഗി ഡെലിവറി തൊഴിലാളികളില്‍ പെട്ട വനിത ഊരി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ഇവരോടൊപ്പം സമരത്തിലുള്ള ഡെലിവറി ബോയ്‌സും ഉണ്ടായിരുന്നു.
അതിനിടെ, ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ വന്ന വനിത പെട്ടെന്ന് ബാഗില്‍നിന്ന് അരിവാള്‍ എടുത്തു. താക്കോല്‍ എടുത്ത വനിതയുടെ മുടിയില്‍ കുത്തിപ്പിടിച്ച് അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
സ്വിഗ്ഗി ഒരുതരത്തിലും അക്രമവും ഭീഷണിയും കാണിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല എന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.