KeralaNEWS

ഇന്ന് വൃശ്ചികം ഒന്ന്; പുണ്യപാപങ്ങൾ ഇരുമുടിയിൽ നിറച്ച് മല ചവിട്ടുന്നവർക്കായി വീണ്ടുമൊരു മണ്ഡലകാലം

ന്ന് വൃശ്ചികം ഒന്ന്.പുണ്യപാപങ്ങൾ ഇരുമുടിയിൽ നിറച്ച് മല ചവിട്ടുന്നവർക്കറിയാം ഈ ദിനത്തിന്റെ പ്രത്യേകത.അല്ല, ഇനി വരാനിരിക്കുന്ന ദിവസങ്ങളുടെ.
പൊന്നമ്പലമേട്ടിലേക്കു ഉൾക്കണ്ണിന്റെ  വഴി തെളിച്ചു തത്ത്വമസിയുടെ പൊരുൾ തേടി മറ്റുള്ള സ്വാമിമാർക്കൊപ്പം കാനനത്തിലൂടെ നടക്കുമ്പോൾ ശരണം വിളി മാത്രമാണു തുണ. ആ ഒരൊറ്റ ലക്ഷ്യത്തിനു മുന്നിൽ കുണ്ടും കുഴിയും കാടും മേടും പരമാനന്ദമായി മാറുന്നു.
പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ നടുവിലാണ് ശബരിമല. പന്തളം രാജകുമാരനായ അയ്യപ്പൻ മഹിഷീ വധത്തിനു ശേഷം ധ്യാനമിരുന്ന സ്ഥലം.അഭയമുദ്രയിൽ അനുഗ്രഹം ചൊരിയുന്ന അയ്യപ്പന്റെ സന്നിധാനമെത്താൻ പടികൾ പതിനെട്ടു കയറണം. കെട്ടുമുറുക്കി ശരണം വിളിച്ച് പടി കടന്നെത്തുന്നവർ ഈരേഴു പതിനാലു ലോകങ്ങളും താണ്ടിയെന്നു വിശ്വാസം.
അതിരു കാക്കുന്ന പതിനെട്ടു മലദൈവങ്ങളുടെ പ്രതീകമാണു പതിനെട്ടാംപടി. പണ്ട്, പതിനെട്ടു മലകളിലും ക്ഷേത്രങ്ങളുണ്ടായിരുന്നത്രെ. പരമ്പരാഗത പാതയിലൂടെ മലചവിട്ടിയവരോടു ചോദിച്ചാലറിയാം മാമലയിൽ വാഴുന്ന ദേവഗണങ്ങളുടെ കഥ.
എരുമേലി ശാസ്താവിനെ തൊഴുത് പേട്ട തുള്ളി വാവരു പള്ളിയിൽ കയറി കന്നി അയ്യപ്പന്മാർ ശരണം വിളികളോടെ യാത്ര തുടങ്ങി.ശരണം വിളി ഭക്തർക്ക് സന്തോഷവും ഊർജവും പകരുമെന്ന് വ്യക്തം. ശരണം വിളിക്കുമ്പോൾ ദീർഘമായി ശ്വാസം വലിച്ചു വിടേണ്ടിവരും; അപ്പോൾ മലകയറ്റം എളുപ്പമാകുമെന്നു ശാസ്ത്രവും.
കല്ലും മുള്ളും കാലിനു മെത്തയാക്കി മല കയറിയിട്ടുള്ളവർക്കു മനസ്സിലാകും അതിന്റെ പൊരുൾ.എരുമേലിയിൽ നിന്നും കാളകെട്ടി പേരൂർ തോട് വഴിയാണ് പരമ്പരാഗത പാത ആരംഭിക്കുന്നത്. ഇരുമ്പൂന്നിക്കര എത്തുന്നതുവരെ സാധാരണ വഴികളിലൂടെ നടത്തം. മുൻവർഷങ്ങളിൽ മലയ്ക്കു പോയവരുടെ കാലടികൾ പിന്തുടർന്ന്, അയ്യപ്പന്റെ കഥകൾ കേട്ടു നടക്കുന്നതിലൊരു സുഖമുണ്ട്.
ഉത്രം നാളാണ് മാലയിടാൻ ഉത്തമം.തുളസി മാലയോ രുദ്രാക്ഷ മാലയോ അണിയാം.മാല ധരിച്ചു കഴിഞ്ഞാൽ സ്വാമിയാണ്.ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം വേണം. ബ്രഹ്മചര്യം നിർബന്ധം. അയ്യപ്പനെ തൊഴുതു വീട്ടിലെത്തി വിളക്കു കണ്ടിട്ടേ മാല ഊരാവൂ. വ്രതത്തിന്റെ ലാളിത്യം അടുത്ത മണ്ഡലകാലം വരെ ഹൃദയത്തിലുണ്ടാവണം.അപ്പോഴേ ശബരിമല യാത്ര പൂർണതയിൽ എത്തുകയുള്ളൂ.
 ‘‘നീ തന്നെയാണ് ഈശ്വരൻ അഥവാ ഞാൻ നിന്നിൽത്തന്നെയുണ്ട്’’.ഇതാണ് തത്ത്വമസിയുടെ അർത്ഥം! ഇതാണ് ഓരോ ശബരിമല യാത്രയിലും മറക്കാതിരിക്കേണ്ടതും !! അല്ല, ഒരിക്കലും!!!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: