തിരുവനന്തപുരം: കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ സി.ഐക്കെതിരേ കുറ്റപത്രം. കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ: സിബി തോമസിനെതിരെയാണു കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കുറ്റപത്രം നല്‍കിയത്. പ്രതിയുടെ വീട്ടില്‍ കാവല്‍ നിന്നപ്പോള്‍ സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്.
2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് സിബി തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പ്രൊബേഷണറി എസ്.ഐ ആയിരുന്നു. പേരൂര്‍ക്കട രാമസ്വാമി എന്നയാളുടെ വീട്ടില്‍നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് രാമസ്വാമിയുടെ വീടിനു നേരെ ആക്രമണം ഉണ്ടായതോടെ രാത്രി സിബി തോമസിനെ കാവലിന് നിയോഗിച്ചിരുന്നു. പിറ്റേന്ന് വീട്ടിലുള്ളവര്‍ എത്തിയപ്പോള്‍ മോഷണം നടന്നതായി കണ്ടെത്തി.
56 പവന്‍ സ്വര്‍ണവും എഴുപതിനായിരത്തോളം രൂപയും നഷ്ടമായെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. കവര്‍ച്ച നടത്തിയതു പോലീസുകാരാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സിബി തോമസാണ് മോഷണത്തിനു പിന്നിലെന്നു കണ്ടെത്തിയത്.