വാഷിങ്ടണ്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യന്‍ ഡോളര്‍) യാത്രക്കാര്‍ക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യന്‍) ഡോളര്‍ പിഴയായും നല്‍കാന്‍ ഉത്തരവിട്ട് യുഎസ്. വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് യു.എസ് ഗതാഗത വകുപ്പിന്റെ നടപടി. പരിഗണിച്ചവയില്‍ ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. ആകെ ആറ് എയര്‍ലൈനുകളില്‍നിന്നായി ഏകദേശം 5000 കോടി രൂപയാണ് യു.എസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തില്‍ ഈടാക്കുന്നത്.
റീഫണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം ടിക്കറ്റ് തുക തിരിച്ചുനല്‍കുക എന്ന എയര്‍ ഇന്ത്യയുടെ നയം യു.എസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാല്‍, അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് എയര്‍ ഇന്ത്യ റീഫണ്ട് നല്‍കിയിരുന്നത്.
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ടാറ്റ ഏറ്റെടുക്കുന്നതിന് മുന്‍പുള്ളവയാണ് ഈ പരാതികള്‍. ഔദ്യോഗിക അന്വേഷണമനുസരിച്ച്, വിമാന സര്‍വീസ് റദ്ദാക്കിയതു സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പില്‍ സമര്‍പ്പിച്ച 1,900 റീഫണ്ട് പരാതികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എയര്‍ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തു. പരാതികള്‍ സമര്‍പ്പിക്കുകയും വിമാനക്കമ്പനിയോട് നേരിട്ട് റീഫണ്ട് അഭ്യര്‍ഥിക്കുകയും ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് എടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടില്ല.
എയര്‍ ഇന്ത്യയെ കൂടാതെ, ഫ്രോന്‍ഡിയര്‍, ടി.എ.പി പോര്‍ച്ചുഗല്‍, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാന്‍ക എന്നിവയ്ക്കാണ് യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്. യു.എസ് നിയമപ്രകാരം, വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കുകയോ റൂട്ടില്‍ ഗണ്യമായ മാറ്റം വരുത്തുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു പണം തിരികെ നല്‍കുന്നതിന് എയര്‍ലൈനുകള്‍ക്കും ടിക്കറ്റ് ഏജന്റുമാര്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. എയര്‍ലൈന്‍ റീഫണ്ട് നിരസിക്കുകയും പകരം യാത്രക്കാര്‍ക്കു വൗച്ചറുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.