പ്രാദേശിക മദ്യം കഴിച്ച് ഫിറ്റായി കാട്ടാനക്കൂട്ടം. ചൊവ്വാഴ്ച ഒഡിഷയിലാണ് സംഭവം. പ്രാദേശികമായി തയ്യാറാക്കുന്ന മഹുവ എന്ന മദ്യം തയ്യാറാക്കാനായി കാട്ടിലേക്ക് കയറിയ ഗ്രാമവാസികളാണ് രഹസ്യമായി മദ്യം തയ്യാറാക്കുന്ന സ്ഥലം തങ്ങൾക്ക് മുൻപ് കാട്ടാനകൾ റെയ്ഡ് ചെയ്ത് ഫിറ്റായത് കണ്ടെത്തിയത്. മഹുവയ്ക്ക് വീര്യം കൂട്ടാനായി ചില ചേരുവകൾ ചേർത്ത് തയ്യാറാക്കി പുളിപ്പിച്ച് വച്ച കൂട്ട് അടക്കമാണ് കാട്ടാനക്കൂട്ടം അകത്താക്കിയത്. ഒഡിഷയിലെ ഖെൻജോർ ജില്ലയിലെ ഷില്ലിപാഡ കശുമാവ് കാട്ടിനുള്ളിലാണ് അടിച്ച് കിറുങ്ങി ഉറങ്ങുന്ന നിലയിൽ 24ഓളം കാട്ടാനകളെ കണ്ടെത്തിയത്.
വലിയ കുടങ്ങളിലായി പ്രാദേശിക മദ്യം പുളിപ്പിച്ച് വച്ചതിന് സമീപത്തായാണ് കാട്ടാനകളെ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഗ്രാമവാസികൾ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയത്. കുടങ്ങൾ പൊട്ടിയ നിലയിലും പുളിപ്പിച്ച വെള്ളം കാണാതായ നിലയിലുമാണ് ഇവിടമുണ്ടായിരുന്നതെന്ന് ഗ്രാമവാസികൾ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. പുളിപ്പിച്ച മദ്യം കഴിച്ചാവും കാട്ടാനകൾ മയങ്ങിപ്പോയതെന്നാണ് ഗ്രാമവാസിയായ നരിയ സേഥി പിടിഐയോട് പ്രതികരിച്ചത്. ശുദ്ധീകരിക്കാത്ത മദ്യമാണ് കാട്ടാനക്കൂട്ടം അകത്താക്കിയത്. കാട്ടാനകളെ ഉണർത്താൻ ശ്രമിച്ചിട്ട് ഫലം കണ്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ഇതോടെ വിവരം വനംവകുപ്പ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. പടാന വനം മേഖലയിലാണ് കാട്ടാനകളുള്ളത്. വനപാലകരെത്തി ചെണ്ട കൊട്ടി കാട്ടാനകളെ ഉണർത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു കാട്ടാനകൾ ഉണർന്നത്. മയക്കം വിട്ട കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിട്ടതായി വനംവകുപ്പ് ജീവനക്കാർ വിശദമാക്കി. കാട്ടാനകൾ മദ്യം കഴിച്ച് മയങ്ങിയതാണോ അതോ സാധാരണ മയക്കമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.