കൊച്ചി: ‘കൈരളി ടിവിയും മീഡിയാ വണ്ണും ഉണ്ടെങ്കില്‍ പുറത്തു പോകുക. കേഡര്‍ പാര്‍ട്ടികളുടെ ആളുകളോട് എനിക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ല’. കൊച്ചിയില്‍ ഗവര്‍ണറുടെ വക കടക്ക് പുറത്ത്.
കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നായിരുന്നു ഗവര്‍ണര്‍ നിലപാടെടുത്തത്. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ തുറന്നു പറഞ്ഞു. ഈ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
രാജ്ഭവനിലെ ബന്ധപ്പെട്ടവര്‍ വിളിച്ചാണ് കൈരളിയും മീഡിയാ വണ്ണും എത്തിയത്. ഗസ്റ്റ് ഹൗസില്‍ നിന്നും അകത്തേക്ക് മാധ്യമ പ്രവര്‍ത്തരെ കൊണ്ടു പോയതും പേരു വിളിച്ചാണ്. കൈരളി ടിവിക്കാരേയും മീഡിയാ വണ്ണിനേയും വിളിച്ചു വരുത്തിയതിന് തെളിവായി രാജ്ഭവനിലെ പട്ടികയും ഉണ്ടായിരുന്നു. ഇങ്ങനെ ക്ഷണിച്ച് അകത്തേക്ക് കൊണ്ടു പോയവരെയാണ് ഗവര്‍ണ്ണര്‍ ഇറക്കി വിട്ടത്.
അതിരൂക്ഷമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. ഗവര്‍ണ്ണറുടെ ബൈറ്റ് എടുക്കാന്‍ ഇമെയിലിലൂടെ അനുമതി തേടിയെത്തിയവരാണ് പുറത്താക്കപ്പെട്ടത്. നേരത്തെ രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തിലും കൈരളിയേയും മീഡിയാ വണ്ണിനേയും പങ്കെടുപ്പിച്ചിരുന്നില്ല. ഇതു വിവാദമായിരുന്നു.