വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാനും കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 30 നുള്ളിൽ എല്ലാ സ്കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണം.
സ്കൂൾ സന്ദർശനങ്ങളിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ഓരോ ഉദ്യോഗസ്ഥരും സന്ദർശനം കേവലം രേഖകളിൽ ഒതുക്കാതെ ചുമതലപ്പെടുത്തിയിരിക്കുന്ന ജോലി ആത്മാർത്ഥമായി നിർവ്വഹിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഇത് പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ നിരന്തര പരിശോധന ഫീൽഡിൽ നടത്തണം. സ്കൂൾ പരിശോധനകൾ സംബന്ധിച്ച് എവിടെയെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉറപ്പാക്കണം.
നിലവിൽ ഉച്ചഭക്ഷണ ആഫീസർമാരുടെ മോണിറ്ററിംഗ് അലവൻസ്, ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെ റ്റി.എ തുടങ്ങിയവ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരുന്നു. സംസ്ഥാനത്തെ 2200-ഓളം സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്കൂൾ പി.ടി.എ യുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ നേതൃപരമായ പങ്ക് വഹിക്കണമെന്നും മന്ത്രി പറഞ്ഞു .