വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ വിദേശ ഗൂഢലോചന? മന്ത്രിയുടെ സഹോദരനായ സമരസമിതി നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയില്‍ അന്വേഷണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ വന്‍ഗൂഢാലോചന നടക്കുന്നുവെന്നു സൂചന. ഇതേതുടര്‍ന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ഇതില്‍ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.
സമരസമിതി നേതാവ് എ.ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയന്‍ എന്ന എ.ജെ വിജയന്‍. 2017 മുതല്‍ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്.
സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങള്‍ക്ക് കൈമാറിയിരുന്നതായി ഐ.ബിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. എ.ജെ വിജയന്‍ നേതൃത്വം നല്‍കുന്ന കോസ്റ്റല്‍ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിന് ഇരുത്താന്‍ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.