NEWS

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്കൂള്‍ അടച്ചുപൂട്ടാന്‍ തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു

ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്കൂള്‍ അടച്ചുപൂട്ടാന്‍ തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു.
700 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തെലങ്കാനയിലെ ബഞ്ചാര ഹില്‍സ് പ്രദേശത്തെ സ്വകാര്യ സ്കൂള്‍ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടത്.
സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവര്‍ രണ്ട് മാസത്തോളം തുടര്‍ച്ചയായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി ഉത്തരവിട്ടു.
സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവറായ 34കാരന്‍ കഴിഞ്ഞ രണ്ട് മാസമായി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തത് പുറത്തറിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച്‌ പ്രധാനാധ്യാപകന് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം ചിരിച്ചുകൊണ്ട് അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: