പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കറാണ് ഇദ്ദേഹം ഓട്ടോയ്ക്ക് മുന്നില്‍ ഒട്ടിച്ചിരിക്കുന്നത്.
നരബലിയെത്തുടര്‍ന്ന് ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. കാഴ്ച കാണാന്‍ എത്തുന്നവരെ വഴിതെറ്റാതെ കൊണ്ടുപോകാനാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവര്‍ ഗിരീഷ് പറയുന്നത്.
ഞായറാഴ്ച ഒരു ദിവസത്തെ ഓട്ടോ സര്‍വീസില്‍ നിന്ന് തനിക്ക് 1,200 രൂപയുടെ ഓട്ടം കിട്ടിയെന്നും ഗിരീഷ് പറഞ്ഞു.
”പല ജില്ലകളില്‍നിന്നും ഇലന്തൂരിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് ഒരുപാട് ആളുകള്‍ വന്ന് വഴി ചോദിച്ചു, അങ്ങനെയാണ് ഞാന്‍ ഈ പോസ്റ്റര്‍ വണ്ടിയില്‍ ഒട്ടിച്ചത്,” ഓട്ടോ ഡ്രൈവര്‍ ഗിരീഷ് പറഞ്ഞു.
അതേസമയം, നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട് കനത്ത പൊലീസ് സുരക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകള്‍ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരില്‍ എത്തിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.