കൊച്ചി: മറൈന്‍ഡ്രൈവ് വാക്വേയില്‍ കവര്‍ച്ച നടത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടി. ചോറ്റാനിക്കരയിലേക്കു പോകാനെത്തിയ കോയമ്പത്തൂര്‍ സ്വദേശിയായ അധ്യാപകന്റെ മാല കവര്‍ന്ന കേസിലാണ് സനീഷ് (27), കെവിന് (23), അഭിഷേക് (24), ജോബി ജോസഫ് (29), വിപിന്‍ ബിജു (20), നൗഷാദ് ബാന്‍ (21) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിനാണ് കോയമ്പത്തൂരില്‍ അധ്യാപകനായ പരാതിക്കാരന് ചോറ്റാനിക്കരയില്‍ പോകുന്നതിനായി എറണാകുളത്ത് എത്തിയത്. സുഹൃത്തുമായാണ് ബോട്ട്ജെട്ടിക്ക് സമീപമുള്ള വാക്വേയിലേക്കു പോയത്. സുഹൃത്ത് പോയതിനു പിന്നാലെ വെളുപ്പിനെ രണ്ടരയോടു കുറച്ചു പേര് അടങ്ങുന്ന സംഘം പരാതിക്കാരനെ ആക്രമിച്ചു. അധ്യാപകന്റെ പുറകില്‍ക്കൂടി വന്ന് ഒരാള്‍ കഴുത്തിനു പിടിക്കുകയും മറ്റുള്ളവര്‍ കയ്യും കാലും പിടിച്ച് ബലമായി ഇരുത്തുകയും മര്‍ദിക്കുകയും ചെയ്തു.
കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. തടയാന്‍ വന്ന മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പ്രതികള്‍ കടന്നു കളഞ്ഞു. ഭയന്ന അധ്യാപകന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. അന്നു തന്നെ 3 പ്രതികളെ പിടികൂടി. മറ്റുള്ള മൂന്നുപേര്‍ ഒളിവില്‍ പോയി. പിന്നീടുള്ള അന്വേഷണത്തില്‍, ഒളിവില്‍ കഴിഞ്ഞ മറ്റുള്ളവരെ പിടികൂടുകയായിരുന്നു.