ദില്ലി: സ്വർണ്ണക്കടത്തിലെ ഇഡി കേസിൻ്റെ വിചാരണ ബെംഗുളുരുവിലേക്ക് മാറ്റണമെന്ന് ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സര്ക്കാരും എം.ശിവശങ്കറും. കേസിൻ്റെ പകുതി ഘട്ടവും കഴിഞ്ഞ സാഹചര്യത്തിൽ വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. അസാധാരണ സന്ദർഭങ്ങളിൽ മാത്രമാണ് വിചാരണ നടക്കാനിരിക്കുന്ന സംസ്ഥാനത്ത് നിന്ന് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത്. എന്നാൽ ഈ കേസിൽ കേസിൽ കേരളത്തിൽ അത്തരമൊരു സാഹചര്യമില്ലെന്നും സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അറസ്റ്റും തെളിവ് ശേഖരണം അടക്കം എല്ലാ നടപടികളും കേരളത്തിൽ പൂർത്തിയാക്കിയിട്ട് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രിയ താൽപര്യം സംരക്ഷിക്കാനെന്നും കേരളത്തിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മറ്റൊരു ഏജൻസിയും ഇങ്ങനയൊരും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. വിചാരണ അട്ടിമറിയ്ക്കുന്നത് തെളിയ്ക്കാൻ ഇഡിക്ക് രേഖ ഹാജരാക്കാൻ ഇല്ലെന്നും സംസ്ഥാനം സമർപ്പിച്ച എൺപത് പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കസ്റ്റഡിയിലിരിക്കെ പന്ത്രണ്ട് തവണ മൊഴി നൽകിയ സ്വപ്ന അപ്പോൾ ഒന്നും ഉന്നയിക്കാത്ത കാര്യങ്ങളാണ് മജിസ്ട്രീറ്റിന് മുന്നിൽ പറയുന്നതെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നു.
അതെസമയം ശിവശങ്കർ സമർപ്പിച്ച് ഇരുപത്തിയൊന്ന് പേജ് വരുന്ന സത്യവാങ്ങ് മൂലത്തിൽ ഇഡിക്കെതിരയുള്ളത് ഗുരുതര വിമർശനങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ സന്തോഷിപ്പിക്കാനാണ് ഇഡിയുടെ നീക്കം. മാപ്പ് സാക്ഷിയാക്കമെന്ന ഏജൻസിയുടെ ഉറപ്പിന് മേലാണ് സ്വപ്നയുടെ ആരോപണങ്ങൾ.
തനിക്ക് സർക്കാരിൽ ഉന്നത സ്വാധീനമുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. എന്നാൽ അടുത്ത വർഷം താൻ സർവീസിൽ നിന്ന് വിരമിക്കും. ഇതോടെ സർക്കാരുമായുള്ള തൻ്റെ ബന്ധം അവസാനിക്കുമെന്നും ശിവശങ്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കേസ് ഈ മാസം ഇരുപതിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വീണ്ടും പരിഗണിക്കും. അന്ന് കേസ് തീർപ്പാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ ഹാജരായത്. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശിയും ശിവശങ്കറിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സെൽവിൻ രാജയുമാണ് ഹാജരായത്.