തിരുവനന്തപുരം: അച്ചടി മാര്‍ക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) സുവര്‍ണ പുരസ്ക്കാരം കേരള ടൂറിസത്തിന്. വെര്‍ച്വലായി നടന്ന ചടങ്ങില്‍ പാറ്റ സിഇഒ ലിസ് ഒര്‍ട്ടിഗുവേര, മക്കാവു ഗവണ്‍മന്‍റ് ടൂറിസം ഓഫീസിന്‍റെ ഡയറക്ടര്‍ മരിയ ഹെലേന ഡി സെന്ന ഫെര്‍ണാണ്ടസ് എന്നിവരില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പുരസ്ക്കാരം ഏറ്റുവാങ്ങി.
മാര്‍ക്കറ്റിംഗ്, സുസ്ഥിരതയും സാമൂഹ്യ പ്രതിബദ്ധതയുമെന്ന വിഭാഗത്തില്‍ 25 വ്യക്തിഗത പുരസ്ക്കാരങ്ങളാണ് നല്‍കിയത്. ഇതില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ സുവര്‍ണ പുരസ്ക്കാരമാണ് കേരള ടൂറിസം കരസ്ഥമാക്കിയത്. ‘എ ചേഞ്ച് ഓഫ് എയര്‍’ എന്ന പ്രചാരണപരിപാടിയാണ് കേരള ടൂറിസത്തിന് പുരസ്ക്കാരത്തിനര്‍ഹമാക്കിയത്.
അന്താരാഷ്ട്ര ടൂറിസം രംഗത്തെ സുപ്രധാന ഇടമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് പാറ്റ സുവര്‍ണ പുരസ്ക്കാരമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തെ 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ ടൈം മാസിക തെരഞ്ഞെടുത്തതിന് പുറമെയാണ് പാറ്റ പുരസ്ക്കാരലബ്ധിയെന്നതും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ പ്രചാരണ പരിപാടികളിലൂടെ കേരളത്തിലേക്കെത്തുന്ന ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം പ്രചാരണത്തിലെ തന്ത്രപ്രധാനമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് പാറ്റ പുരസ്ക്കാരമെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. കേരള ടൂറിസത്തെ ഇത് പുതിയ ഉയരങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ സുപ്രധാന അന്താരാഷ്ട്ര പുരസ്ക്കാരങ്ങളിലൊന്നാണ് പാറ്റ പുരസ്ക്കാരങ്ങള്‍. ഇതിന്‍റെ 38-ാമത്തെ ലക്കത്തില്‍ രണ്ട് വിഭാഗങ്ങള്‍ കൂടി പുരസ്ക്കാരത്തിനായി ഉള്‍പ്പെടുത്തി. ടൂറിസം ഡെസ്റ്റിനേഷന്‍ റിസലിയന്‍സ് വിഭാഗത്തില്‍ ഏഷ്യ-പസഫിക്, ഗ്ലോബല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയത്.