CrimeNEWS

ആംബുലസിന് കല്ലെറിഞ്ഞും കാടത്തം; ആര്‍.എസ്.എസ് കാര്യാലയത്തിന് നേര്‍ക്കും ബോംബേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം തുടരുന്നു. കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. മട്ടന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് പോലീസുകാര്‍ക്കുനേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്കിടിച്ചു കയറ്റി. കോട്ടയം ഈരാറ്റുപേട്ടയിലും സംഘര്‍ഷമുണ്ടായി. പോലീസും ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടി. കോട്ടയം സംക്രാന്തിയില്‍ ലോട്ടറി കട അക്രമികള്‍ അടിച്ചു തകര്‍ത്തു.

തൃശൂര്‍ ചാവക്കാട് ആംബുലന്‍സിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു. നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തില്‍ പരുക്കേറ്റു. ഹോട്ടലിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കും അക്രമികള്‍ തകര്‍ത്തു.

Signature-ad

വാഹനങ്ങള്‍ക്കു നേരെ കല്ലേറു തുടരുകയാണ്. സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ലോറികള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറില്‍ തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടര്‍ന്ന് പല ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണത്തിലാണ് ബസുകള്‍ ഓടുന്നത്.

അതിനിടെ, മുന്‍ ഉത്തരവു ലംഘിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു.

 

 

 

 

 

 

 

Back to top button
error: